പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ.

സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’ എന്ന ആത്മകഥയും ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ തുടങ്ങിയ ലേഖനസമാഹാരങ്ങളും ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.

സ്മാരകശിലകള്‍ക്ക് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 13 വര്‍ഷമായി മാതൃഭൂമി ആരോഗ്യമാസികയില്‍ കോളമിസ്റ്റായിരുന്നു ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള.

മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ അപൂര്‍വമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകര്‍ഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മുഖ്യധാരയില്‍ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങള്‍, ഭാഷ, ദേശം, വ്യക്തിത്വങ്ങള്‍ , ജീവിതാസക്തികള്‍ , ജീവിതാന്വേഷണങ്ങള്‍ എന്നിവ പുനത്തിലിന്റെ രചനകളെ കൂടുതല്‍ ആഴമുള്ളതാക്കിത്തീര്‍ത്തു. പ്രാദേശികമായ മുസ്ലിം ജീവിതപരിസരങ്ങള്‍ തൊട്ട് ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷ ങ്ങള്‍വരെ പുനത്തിലിന്റെ രചനകളില്‍ ലീനമാണ്.

‘കത്തി’യും ‘മലമുകളിലെ അബ്ദുള്ള’യും ‘അലിഗഢിലെ തടവുകാരും’ ‘ദുഃഖിതര്‍ക്ക് ഒരു പൂമര’വും പോലുള്ള ആദ്യകഥകള്‍ തന്നെ സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിച്ചു. തുടര്‍ന്നുള്ള നൂറിലേറെ കഥകളിലും വലുതും ചെറുതുമായ നോവലുകളിലും കഥകള്‍പോലെ മനോഹരമായ സ്മരണാഖ്യാനങ്ങളിലുംകൂടി തന്റേതു മാത്രമായ വായനക്കാരുടെ വന്‍ സമൂഹത്തെ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ , ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ പിന്തുടര്‍ച്ചയും നവീകരണവും കുഞ്ഞബ്ദുള്ളയുടെ സര്‍ഗപ്രപഞ്ചത്തിലുണ്ട്.