തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനം

ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. വലിയ കുളം, സീറോ ജട്ടി റോഡില്‍ കടുത്ത നിയമലംഘനമാണ് തോമസ് ചാണ്ടി നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്‍‌വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചു.

2012 വരെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കരയിലൂടെ വഴിയില്ലായിരുന്നു. 2013ല്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നെല്‍‌വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് ഉണ്ടാക്കുകയായിരുന്നു. ഈ വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയിലാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ വേണ്ടത്ര പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയ ഭൂമി മറ്റൊരാളുടെ അധീനതയിലുള്ള ഭൂമിയാണെന്നാണ് വാട്ടര്‍വേള്‍ഡ് കമ്ബനി വ്യക്തമാക്കിയിരുന്നത്. ഇത് പാട്ടത്തിനെടുത്താണ് പാര്‍ക്കിംഗ് ഏരിയയാക്കിയതെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലീലാമ്മ ഈശോ എന്ന സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരിയാണെന്നും, അവര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

റോഡിന് അംഗീകാരം നല്‍കണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലേക്പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ നല്‍കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കഴിഞ്ഞില്ല. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന നഗരസഭയുടെ അന്ത്യശാസനത്തിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയത്.

രേഖകള്‍ നേരത്തെ ഹാജരാക്കിയ സ്ഥിതിക്ക് ഇനി വീണ്ടും നല്‍കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് പരിഗണിച്ച് നഗരസഭയ്ക്ക് പൊളിച്ചുനീക്കാനാകും. എന്നാല്‍ കത്ത് കിട്ടി ദിവസങ്ങളായിട്ടും യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ മൗനം പാലിക്കുകയാണ്.