എന്‍.സി.പിയും കൈവിടുന്നു; തോമസ് ചാണ്ടി രാജിയിലേക്ക്

കൊച്ചി:തോമസ് ചാണ്ടിയ്‌ക്കെതിരായി ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. ചാണ്ടിയുടെ രാജിയെചൊല്ലി പാര്‍ട്ടി യോഗം ബഹളത്തിലാണ്.

ചാണ്ടി രാജി വെക്കണമെന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് രാജിയ്ക്കായി അനുമതി ചോദിച്ചതായാണ് റിപ്പോര്‍ട്ട്.മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് കേന്ദ്ര നേതാവായ പ്രഫുല്‍ പട്ടേല്‍ അല്‍പം മുന്‍പ് വ്യക്തമാക്കിയിരുന്നു.മന്ത്രിയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ രാവിലെ കൊച്ചിയില്‍ പറഞ്ഞത്.

അതേസമയം, കായല്‍ കൈയ്യേറ്റ കേസുകളില്‍ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മന്ത്രിതന്നെ കോടതിയില്‍ ഹരജി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഹരജി പിന്‍വലിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.