രണ്ടായിരത്തി പതിനേഴ് വിടവാങ്ങുമ്പോൾ

ജോളി ജോളി

തട്ടിപ്പും വെട്ടിപ്പും കൊലപാതകവും ഒന്നും കണ്ടിട്ടല്ല മലയാളികള്‍ പോയ വര്‍ഷം അസ്വസ്ഥരായത്.രാത്രിയില്‍ ഒറ്റയ്ക്കിറങ്ങി നടക്കുന്ന സ്ത്രീകളെയും പ്രതികരിക്കുന്ന ക്യാംപസുകളെയും കെട്ടിപ്പിടിക്കുന്ന വിദ്യാര്‍ത്ഥികളെയും നടുറോഡില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെയും ഉടുപ്പുപോലെ മതം മാറുന്ന കൂട്ടരെയും ചോദ്യം ചോദിക്കുന്ന സ്ത്രീകളെയുമാണ് കേരളം ഭയന്നത്.
ഇതൊക്കെ സദാചാരം പറഞ്ഞ് അടക്കി വയ്ക്കാനാണ് മലയാളിയുടെ പൊതുബോധം കിണഞ്ഞു ശ്രമിച്ചതും.എന്നാല്‍, നിലപാടുകളില്‍ ഉറപ്പുള്ളവര്‍ സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചു.നടപ്പിലും എടുപ്പിലും പെടപ്പിലും സദാചാരം കുത്തിത്തിരുകാന്‍ വന്നവരോട് പറഞ്ഞു, ഓട് മക്കളെ കണ്ടം വഴി എന്ന്.!

തെരുവില്‍ നൃത്തം ചെയ്യുന്നവര്‍
തൃശൂരിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ‘ഏമാന്‍മാരെ .ഏമാന്‍മാരെ’ എന്ന് തുടങ്ങുന്ന ലിംഗസമത്വ മ്യൂസിക് വീഡിയോ ചെയ്തത് ഏപ്രിലില്‍ ആണ്.
മുടി വളര്‍ത്തിയ ആണ്‍കുട്ടികളെയും മുടി മുറിച്ച പെണ്‍കുട്ടികളെയും പൊതു നിരത്തില്‍ അപമാനിക്കുകയും മാവോയിസ്റ്റാണെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതികരണമായിരുന്നു ആ മ്യൂസിക് വീഡിയോ.നിരവധി പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസ് അവരുടെ സദാചാര വേട്ട തുടര്‍ന്നു….!

രാത്രിയില്‍ ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന ചെറുപ്പക്കാരാണ് കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്ന തരത്തിലായിരുന്നു പൊലീസിന്‍റെ ഇടപെടല്‍.ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ റയില്‍വേ സ്റ്റേഷനിലേക്ക് രാത്രിയില്‍ പോകുകയായിരുന്ന അമൃത എന്ന പെണ്‍കുട്ടിയെ അന്യായമായി ഒരു രാത്രി തടഞ്ഞുവച്ചത് വരെയെത്തി പൊലീസ് സദാചാരം…. !

പെണ്‍കുട്ടിയെ തടഞ്ഞു വയ്ക്കുക മാത്രമല്ല, പെണ്‍കുട്ടിയുടെ സുഹൃത്തിനെ രാത്രി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത വിചിത്ര നടപടിയും കേരള പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായി.രാത്രിയില്‍ സ്വന്തം വീട്ടില്‍ ഇരുന്നിരുന്ന പെണ്‍കുട്ടിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് വധിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ശുഷ്കാന്തിയാണ് കേരള പൊലീസ് സദാചാരസംരക്ഷണ കാര്യത്തില്‍ കാണിക്കുന്നത് എന്നത് എടുത്തു പറയേണ്ട സംഗതിയാണ്…

കെട്ടിപ്പിടിച്ചാല്‍ തകരുന്ന വിദ്യാഭ്യാസ അച്ചടക്കം
കേരളത്തിന്‍റെ തലസ്ഥാനനഗരിയിലെ അതിപ്രശസ്ത വിദ്യാലയത്തിലാണ് നടന്നത്.വിദ്യാര്‍ത്ഥികള്‍ സൗഹൃദം പങ്കിടാന്‍ കെട്ടിപ്പിടിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്ന ഗംഭീരന്‍ കണ്ടെത്തല്‍ നടത്തിയതും രണ്ടായിരത്തി പതിനേഴിലാണ്.. !

അധ്യാപകര്‍ നടത്തിയ ഈ കണ്ടെത്തലിനെ ഹൈക്കോടതി പോലും സാധൂകരിച്ചു എന്നിടത്താണ് മലയാളിയുടെ ഭയങ്ങള്‍ എവിടം വരെ എത്തിനില്‍ക്കുന്നു എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിവാകുന്നത്.
കലോത്സവത്തിലെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച സഹപാഠിയെ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചതിന് ആണ്‍കുട്ടിക്കും അഭിനന്ദനം ഏറ്റു വാങ്ങിയതിന് പെണ്‍കുട്ടിക്കും കിട്ടി സസ്പെന്‍ഷന്‍.നല്ല സ്പര്‍ശവും മോശം സ്പര്‍ശവും സ്കൂള്‍കാലം മുതലേ വിദ്യാര്‍ത്ഥികളെ ശീലിപ്പിക്കണമെന്ന് ചട്ടം കെട്ടുന്ന അധ്യാപകര്‍ ഈ രീതിയിലാണ് വിദ്യാര്‍ത്ഥികളെ ഇടപെഴുകാന്‍ പഠിപ്പിക്കുന്നതെങ്കില്‍ സാമൂഹ്യവൈകല്യമുള്ള ഒരു തലമുറ ആയിരിക്കും കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നത്.

ഉടലറിവുകളെ ഭയക്കാതെ ആരോഗ്യമുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് പകരം ഭയപ്പെടുത്തിയും ശിക്ഷിച്ചും അകറ്റി നിറുത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ എന്ത് തരം സാമൂഹ്യവളര്‍ച്ചയാകും കൈവരിക്കുക എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു….

അതിവിശുദ്ധി കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന മതത്തിന്‍റെ ചട്ടക്കൂടുകള്‍ ഉടുപ്പു മാറുന്നത് പോലെയുള്ളൂ എന്ന് ബോധ്യപ്പെടുത്തിയ വര്‍ഷമാണ് കടന്നു പോയത്.ഒരു തോന്നലില്‍ ഇസ്ലാം മതം സ്വീകരിക്കുകയും അടുത്ത തോന്നലില്‍ മതം മാറി ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചു വരികയും ചെയ്ത പെണ്‍കുട്ടികളെ കണ്ട് മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചു.
എന്നാല്‍, മലയാളികളെ ഭയപ്പെടുത്തിയത് മാതാപിതാക്കള്‍ പറഞ്ഞിട്ടും മര്‍ദ്ദിച്ചിട്ടും ഇസ്ലാം മതത്തില്‍ ഉറച്ചു നിന്ന ഹാദിയ ആണ്.

സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കിടയില്‍ മലയാളിയുടെ പൊതുബോധത്തെ പൊതിഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിയ എത്രത്തോളമുണ്ടെന്ന് മറ നീക്കി പുറത്തുവരികയും ചെയ്തു.
നിസാരമായി തള്ളിക്കളയാംമായിരുന്ന മതം എന്ന ദുർഗന്ധത്തെ പക്ഷം തിരിഞ്ഞു മലയാളി നെഞ്ചിലേറ്റിയതും അതിനുവേണ്ടി സാധാരണക്കാരന്റെ നികുതിപ്പണം യാതൊരു യുക്തിബോധവുമില്ലാതെ സർക്കാർ ചെലവഴിക്കുന്നതും കേരളം കണ്ടു.

പെൺകുട്ടികൾക്ക് ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ ചിലരുടെയെല്ലാം അനുവാദം വേണം എന്ന്
മലപ്പുറത്ത് ലോക എയ്ഡ്സ് ദിനത്തില്‍ തട്ടമിട്ടു ഫ്ലാഷ് മോബ് ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിലൂടെയാണ് മുസ്ലീം പെണ്‍കുട്ടികള്‍ ആ സത്യം മനസിലാക്കുന്നത്.തട്ടമിട്ട പെണ്‍കുട്ടികള്‍ തെരുവില്‍ നൃത്തം ചെയ്താല്‍ അത് ദീനിബോധമുള്ള ആങ്ങളമാര്‍ക്ക് സഹിക്കില്ല.അവര്‍ മര്യാദ പഠിപ്പിക്കാനിറങ്ങും.
എന്നാല്‍, മര്യാദ പഠിപ്പിക്കാനിറങ്ങിയ ആങ്ങളമാരുടെ മുന്നിലേക്ക് പിന്നെയും തട്ടമിട്ട പെണ്‍കുട്ടികള്‍ പാട്ടും നൃത്തവുമായി ഇറങ്ങി…

ഐ.എഫ്.എഫ്.കെ വേദിയില്‍ ജസ്ലയും സുഹൃത്തുക്കളും നടത്തിയ ഫ്ലാഷ് മോബ് ഇത്തരക്കാര്‍ക്കുള്ള മറുപടിയായിരുന്നു.സൈബര്‍ ആക്രമണവും ഭീഷണിയും മുറ പോലെ വന്നെങ്കിലും ജസ്ലയെ പോലെ നിലപാടുള്ള പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിന് മുന്നില്‍ അതൊന്നും വില പോയില്ല.
ട്രാന്‍സ്ജെന്‍ഡര്‍ നയമുണ്ട്, പക്ഷേ പൊലീസിന് അറിയില്ല.

രാത്രിയില്‍ ഇറങ്ങി നടക്കുന്ന പെണ്‍കുട്ടികളെ മാത്രമല്ല പൊലീസിന് ഭയം.
ട്രാന്‍സ്ജെന്‍ഡേഴ്സും പൊലീസിന്‍റെ കണ്ണില്‍ സാമൂഹ്യവിരുദ്ധരാണ്.
സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച്‌ മുന്നോട്ടു പോകുമ്ബോഴാണ് രാത്രികാലങ്ങളില്‍ പൊലീസിന്‍റെ അതിക്രമം തുടരുന്നത്.

തൃശൂരും കൊച്ചിയിലും കോഴിക്കോടും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഓരോ തവണയും പ്രതിഷേധങ്ങളും മുറ പോലെ നടന്നു. പക്ഷേ, അന്വേഷണം പ്രഖ്യാപിച്ചിട്ടും നടപടി എടുക്കുമെന്ന് പറഞ്ഞിട്ടും പോലീസ് ഏമ്മാൻമാരുടെ ട്രാന്‍സ്ജെന്‍ഡര്‍ ഭീതി ഇപ്പോഴും വിട്ടു മാറിയിട്ടില്ല.
ആലിംഗനവിവാദം സ്കൂളില്‍ നിന്നായിരുന്നുവെങ്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതിനെ വിലക്കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്.

ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതികരിച്ചു.അധികൃതര്‍ക്കും അധ്യാപകര്‍ക്കും ഇല്ലാത്ത വിവേകവും സാമാന്യബോധവും അവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാണിച്ചു.വിഷയം ചര്‍ച്ചയാവുകയും ചെയ്തു.
ഇടകലര്‍ന്നിരിക്കുന്നത് കൊണ്ട് ആകാശം പൊട്ടിവീഴില്ലെന്ന് മനസിലാക്കാനുള്ള അറിവ് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ അധ്യാപകര്‍ക്ക് വരെ ലഭ്യമായിട്ടില്ല എന്നത് ‍ഞെട്ടലോടെയാണ് കേരളം കണ്ടത്.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും പുതിയ ക്ലാസ്മുറികളിലേക്ക് മാറിയിട്ട് മതി ഈ പരിഷ്കാരം എന്ന നിലപാടിലാണ് ഇപ്പോഴും അധികാരികള്‍.

രാജ്യങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറാറുണ്ട്.എന്നാൽ അധ്യാപകവ്ര്യത്തിയിൽ പ്രാകൃത ജൻമ്മങ്ങൾ നുഴഞ്ഞു കയറിയ ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്.
എനിക്ക് വ്യക്തിപരമായി മാനസിക വിഷമങ്ങൾ ഏറെയുണ്ടായ ഒരു വർക്ഷം കൂടിയാണ് കടന്നു പോകുന്നത്.

നഷ്ടപ്പെടലിന്റെയും.
കാലത്തിന് മായ്ക്കാൻ കഴിയാത്തതായി ഒന്നുമില്ല.