നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: നടപടിയെ പ്രകീര്‍ത്തിച്ച് പോലീസ് അസോസിയേഷന്‍ പ്രമേയം

തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയരുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ പോലീസ് അസോസിയേഷന്‍ പ്രമേയം.
കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു കൂടി അംഗീകരിച്ച പ്രമേയംത്തിന്റെ പൂര്‍ണ്ണരൂപം.

ബഹുമാന്യരേ,

24-11-2016 തീയതി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ മരണപ്പെട്ട സാഹചര്യം ഇന്ന് കേരള സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. ഇങ്ങനെയൊരു സംഭവം ഉണ്ടായത് ഖേദകരമാണ്.

ഈ സംഭവത്തിന്റെ യഥാര്‍ത്ഥവശം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിനായി മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ട കേരള സര്‍ക്കാരിന്‍േറയും സംസ്ഥാന പോലീസ് മേധാവിയുടെയും നടപടികള്‍ സ്വാഗതാര്‍ഹമാണ്.

ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇതിലേക്കെത്തിച്ചേര്‍ന്ന സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്.
പോസിറ്റീവ് ചിന്താഗതികളിലൂടെ മാനവസമൂഹത്തെ നയിക്കാന്‍ കഴിയുന്ന മതവിശ്വാസങ്ങളെ, മറ്റൊരുതലത്തിലൂടെ വിശകലനം ചെയ്ത് മതതീവ്രവാദത്തിലേക്ക് എത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. അതുപോലെതന്നെ ലോകത്ത് പരസ്പരം പങ്കിടലിന്‍േറയും സഹവര്‍ത്തിത്വത്തിന്‍േറയും സാഹോദര്യത്തിന്‍േറയും ആശയം യാഥാര്‍ത്ഥ്യമാക്കി പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് ലോകത്തിനുതന്നെ മാതൃകയായ ഭരണകൂടങ്ങള്‍ ഉള്ളപ്പോഴും, ഇതേ ആശയങ്ങളുടെ അതിതീവ്രതയിലേക്കുപോയി രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറിയ ചില ഗ്രൂപ്പുകളും ഉണ്ടായിരിക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരളത്തിലേക്ക് ചുരുങ്ങാതെ ഇന്ത്യയാകെ തന്നെ പരിഗണനയ്ക്ക് എടുക്കണം എന്ന് സൂചിപ്പിക്കട്ടെ.

ഇന്ത്യയില്‍ നാളിതുവരെ ഇത്തരം ചിന്താഗതിക്കാര്‍ നടത്തിയ ആക്രമണങ്ങളിലും വെടിവെയ്പ്പിലും പതിനായിരത്തോളം ഗ്രാമീണരും മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥന്‍മാരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിരപരാധികളായ ഗ്രാമീണരെയടക്കം കൊലചെയ്ത് നടത്തിയ പ്രവര്‍ത്തന രീതികള്‍ കൊണ്ടാണ് ഈ പ്രസ്ഥാനത്തെ നിരോധിക്കാന്‍ സാഹചര്യം ഉണ്ടായത്. കേരളം ഉള്‍പ്പെടെ രാജ്യത്താകമാനം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരേ കേന്ദ്രനേതൃത്വത്തിന്‍ കീഴിലാണ് എന്നതും പരിഗണിക്കേണ്ടതാണ്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ നടന്നിരുന്നതെങ്കിലും ഇന്ന് നമ്മുടെ നാട്ടിലേക്കും എത്തപ്പെട്ടിരിക്കുന്നു. നിയമവിരുദ്ധമായി അത്യുഗ്രശേഷിയുള്ള ആയുധങ്ങളുമായി പ്രവര്‍ത്തിക്കുന്നവര്‍ സമീപകാലത്തു നടത്തിയ നിരവധി അതിക്രമങ്ങള്‍ നാം ഓര്‍ക്കേണ്ടതല്ലേ.

വയനാട് ജില്ലയിലെ പ്രമോദ് എന്ന പോലീസുകാരന്റെ വീട്ടില്‍ എത്തി കഴുത്തില്‍ തോക്കുവെച്ച് ഭീഷണിപ്പെടുത്തി, വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം അഗ്‌നിക്കിരയാക്കിയ സംഭവം കേരള സമൂഹം മറന്നുപോയോ ?
ഈ സംഭവത്തിന് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ 142/2014 ആയി കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കണ്ണൂര്‍ ജില്ലയിലെ കേളകം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു കരിങ്കല്‍ ക്വാറിയുടെ ഓഫീസ് അയുധധാരികളായ ഒരു സംഘം ആക്രമിച്ച് വെടിവെയ്പ്പ് നടത്തി പോയത് 2015 ജനുവരി 2-ാം തീയതിയാണ്. കേളകം പോലീസ് സ്റ്റേഷന്‍ ക്രൈം 5/2015 ആയി ഇതിന് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ നടന്ന സംഭവങ്ങളില്‍ 39 കേസ്സുകളാണ് നിലവില്‍ ഉള്ളത്. പാലക്കാട് ടൗണിലെ ഗഎഇ ചിക്കന്‍ സെന്റര്‍ ആക്രമിച്ചത് 22-12-2014 ലാണ്. അന്നു തന്നെ സൈലന്റ് വാലിയിലെ മുക്കാലി ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച് ഓഫീസും ജീപ്പും തീയിട്ടു നശിപ്പിച്ചു. ആനവായ് ഊരിലെ ഫോറസ്റ്റ് ഷെഡ്ഡ് 08-11-2015 ന് തീയിട്ടു നശിപ്പിച്ചു. അന്നു തന്നെ തുടുക്കി ഭാഗത്തെ ഫോറസ്റ്റ് ഷെഡ്ഡും തീയിട്ടു നശിപ്പിച്ചു. ഇത്തരത്തില്‍ നിരവധി അതിക്രമങ്ങളാണ് കേരളത്തില്‍ നടന്നിട്ടുള്ളത്.

ഈ പശ്ചാത്തലത്തിലാണ് കാടുകള്‍ കേന്ദ്രീകരിച്ച് അതിതീവ്ര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടുന്നതിന് പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി കോടികള്‍ മുടക്കിയാണ് വനത്തിനുള്ളില്‍ മാത്രം പതിനെട്ടുമാസത്തെ കഠിനപരിശീലനം നല്‍കിയ തണ്ടര്‍ബോള്‍ട്ട് സംഘം രൂപീകരിക്കപ്പെട്ടത്. ഊണും ഉറക്കവുമില്ലാതെ രാപകല്‍ വ്യത്യാസവുമില്ലാതെയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ കേരളത്തിലെ കൊടും കാടുകളില്‍ ഇവര്‍ തിരച്ചില്‍ നടത്തി വരുന്നത്. പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വനമേഖലകളില്‍ നടത്തി വന്ന തിരച്ചിലുകള്‍ക്കിടയില്‍ നിരവധി തവണയാണ് പോലീസിനുനേരേ വെടിയുതിര്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.

പാലക്കാട് അഗളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 17-10-2015 ല്‍ ഇത്തരത്തില്‍ വെടിവെയ്പ്പു നടത്തിയത് സംബന്ധിച്ച് 556/2015 ആയി കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പുക്കോട്ടുപാടം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ രണ്ടരമാസം മുന്‍പ് (26092016) പോലീസ് വാഹനത്തിനു നേരേ വെടിയുതിര്‍ത്തു. നേരിയ വ്യത്യാസത്തിലാണ് പോലീസ് ഉദ്യോഗസ്ഥനു വെടിയേല്‍ക്കാതെ പോലീസ് വാഹനത്തില്‍ വെടിയുണ്ട തറച്ചു കയറിയത്. ഈ സംഭവത്തിന് 369/2016 ആയി കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി വെടിവെയ്പ്പുകളാണ് പോലീസിനുനേരേ സമീപകാലത്തുണ്ടായിട്ടുള്ളത്.

ഇവരെ കൊല്ലുക എന്ന ലക്ഷ്യം പോലീസിന് ഉണ്ടായിരുന്നെങ്കില്‍ ഈ സന്ദര്‍ഭങ്ങളിലെല്ലാം തിരിച്ച് വെടിവെയ്ക്കാന്‍ കഴിയുമായിരുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. രൂപേഷിനേയും കൂട്ടാളിയേയും ജീവനോടെ പിടികൂടിയതുപോലെ മറ്റുള്ളവരേയും ജീവനോടെ പിടികൂടുക എന്നതു തന്നെയാണ് പോലീസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ നവംബര്‍ 24-ാം തീയതി പോലീസ് സംഘം നിലമ്പൂര്‍ കാടുകളില്‍ പരിശോധന നടത്തിവരവേ അപ്രതീക്ഷിതമായി പോലീസിനു നേരേ വെടിയുതിര്‍ത്തപ്പോള്‍ തിരികെ വെടിവെയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. ഈ സമയം ജീവനോടെ പിടിക്കപ്പെടേണ്ടിയിരുന്ന നിരവധിപേര്‍ രക്ഷപ്പെടുകയും ദൗര്‍ഭാഗ്യവശാല്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി നിയമാനുസരണം നടത്തിയ പോലീസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഏതുതരം അന്വേഷണവും നടത്താവുന്നതാണ്. മറിച്ച് ജീവന്‍ പോലും പണയം വച്ച് രാജ്യസുരക്ഷയ്ക്കായി കഠിനമായ ദൗത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മനോധൈര്യം ചോര്‍ത്തിക്കളയുന്ന തരത്തിലുള്ള അധിക്ഷേപങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒഴിവാക്കേണ്ടതല്ലേ.

”ജീവിക്കാന്‍ ഒരു തൊഴില്‍” അതുതന്നെയാണ് പ്രാഥമികമായി പോലീസില്‍ ചേരുന്നവര്‍ക്കും ഉണ്ടാകുന്ന വികാരം. ജോലിക്കു ചേര്‍ന്നു കഴിയുമ്പോള്‍ ഏല്‍പ്പിക്കുന്ന ദൗത്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ജനസേവനം തന്നെയാണ്. അത് പലരൂപത്തില്‍ നടപ്പിലാക്കേണ്ടിവരുന്നു. അത്തരത്തിലുള്ള ഒരു ചുമതലപ്പെടുത്തലായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘത്തിനും ഉണ്ടായിരുന്നത്. രാജ്യത്തിനുവേണ്ടി സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായാണ് ഈ സംഘത്തിലെ ഓരോ അംഗവും ഈ ദൗത്യം നിറവേറ്റി വന്നത്. നിരവധി തവണ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടും കൂടുതല്‍ കരുത്തോടെ ഈ ദൗത്യവുമായി മുന്നോട്ടുപോയതും രാജ്യത്തിന്റെ അഖണ്ഢതയും ജനങ്ങളുടെ സുരക്ഷയും മുന്നില്‍ കണ്ടു തന്നെയാണ്.

ഇന്ത്യന്‍ ഭരണഘടനയേയോ, നീതിന്യായ-നിയമ വ്യവസ്ഥയേയോ, ഇന്ത്യന്‍ ജനാധിപത്യത്തേയോ തങ്ങള്‍ അംഗീകരിക്കില്ലയെന്ന് പരസ്യപ്പെടുത്തി ആയുധം എടുത്ത് പോരാട്ടം തുടങ്ങിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്തവരെ അഭിനന്ദിക്കാന്‍ തയ്യാറായില്ലെങ്കിലും രാജ്യദ്രോഹികളായി ചിത്രീകരിക്കരുത് എന്ന അഭ്യര്‍ത്ഥന കൂടി ഈ അവസരത്തില്‍ മുന്നോട്ട് വയ്ക്കുന്നു.

വ്യത്യസ്തമാര്‍ന്നതും വൈവിദ്ധ്യമാര്‍ന്നതുമായ ആശയ പ്രചരണങ്ങള്‍ക്ക് അവകാശവും സാഹചര്യവുമുള്ള നാടാണ് നമ്മുടേത്. അത് നിയമപരമായി ജനങ്ങള്‍ക്കിടയിലാണ് ആശയപ്രചരണം നടത്തേണ്ടത്. അല്ലാതെ മാരകയുധങ്ങളുമായി കൊടുംകാടുകള്‍ താവളമാക്കി ആക്രമണങ്ങള്‍ നടത്തിവരുന്നത് ആശയപ്രചരണ രീതിയായി അംഗീകരിക്കാന്‍ കഴിയുമോ ? ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി സ്വജീവന്‍ പണയം വച്ച് പ്രവര്‍ത്തിച്ചു വരുന്ന സേനാംഗങ്ങളെ പൊതു സമൂഹം നെഞ്ചോടുചേര്‍ത്ത് അംഗീകരിക്കുകയല്ലേ വേണ്ടത് ? ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ രുക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അവശേഷിക്കുന്നവരെ കണ്ടെത്താന്‍ കൊടുംകാടുകളില്‍ തണ്ടര്‍ബോള്‍ട്ടു സംഘം ഇപ്പോഴും തിരച്ചില്‍ നടത്തിവരുന്നു.

രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇവരുടെ അത്മവീര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നടപടികള്‍ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.