കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഊഹാപോഹങ്ങള്‍ മാത്രമാണ് വസ്തുതകളായി പ്രചരിപ്പിക്കുന്നതെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്.ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്നാണ് തോന്നുകയെന്നും കോടതി പറഞ്ഞു.
നേരത്തെ, ജേക്കബ് തോമസിനെ ഹൈക്കോടതിരേഖാമൂലം വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.പാറ്റൂര്‍ കേസില്‍ നല്‍കാമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ഇനിയും നല്‍കാത്തതിനാണ് വിമര്‍ശിച്ചത്. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.
ഭൂപതിവുരേഖ വ്യാജമെന്ന് ജേക്കബ് തോമസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രേഖ വ്യാജമല്ലെന്ന് പരിശോധിച്ച് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്മേല് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നല്‍കുന്നില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഉദ്യോഗസ്ഥന്റെ ഈ നടപടി ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.