25 C
Kochi
Friday, May 24, 2024
ഒമാനില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പങ്കാളികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോടതി

ഒമാനില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പങ്കാളികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോടതി

ഒമാനില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പങ്കാളികള്‍ക്ക് സൗകര്യമൊരുക്കുമെന്ന് കോടതി വിധിച്ചു. ഇതോടെ പങ്കാളികള്‍ക്ക് തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും സൗകര്യമായും സമയം ചെലവഴിക്കാനും സാധിക്കും. ഒമാനിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തിലൊരു വിധി.

തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവകാശമുണ്ട്. ഈ അവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ സാധ്യമാകുന്ന വിധത്തില്‍ വേണം സൗകര്യങ്ങള്‍ ഒരുക്കാനെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണമെങ്കില്‍ ജയില്‍ നിയമങ്ങള്‍ കൂടി കണക്കിലെടുക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ തങ്ങള്‍ക്ക് സ്വകാര്യ നിമിഷം ചെലവഴിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കാട്ടി ദമ്പതിമാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നല്‍കിയ കേസിലാണ് കോടതിയുടെ അനുകൂല വിധി.

ശരിയായ ദിശയിലുള്ള വിധി തടവുകാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതാകുമെന്ന് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മജ്‌ലിസുശൂറ അംഗവുമായ ഡോ. മുഹമ്മദ് ഇബ്രാഹീം അല്‍ സദ്ജാലി പറഞ്ഞു. കോടതിയുടെ ഈ വിധി ഏറെ പ്രാധാന്യമുള്ളതാണ്. കോടതിയുടെ ഉത്തരവ് ഏത് രീതിയിലാകും രാജ്യത്ത് നടപ്പിലാക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും ഇബ്രാഹീം അല്‍ സദ്ജാലി പറഞ്ഞു.