-വികാസ് രാജഗോപാല്‍-
ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ പ്രധാന വരുമാന സമയമാണ് ജനുവരി മുതല്‍ മെയ് മാസം വരെ. ഉത്സവങ്ങളുടെ പൊലിമ കുറയുന്നതോടെ ഇവര്‍ക്ക് ജോലി കുറയുകയും കുടുംബങ്ങള്‍ പട്ടിണിയിലാവുകയും ചെയ്യുമെന്നുറപ്പാണ് .
എഴുന്നള്ളിപ്പിനുള്ള ആനകളുടെ ഏക്കത്തുകയും ചമയ വാടകയും പാപ്പാന്‍മാര്‍ക്കുള്ള ബത്തയും ഇത്തവണ വര്‍ധിപ്പിക്കുന്നില്ലെന്ന് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും പ്രതിസന്ധി ബാധിക്കുമെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശശികുമാര്‍ പറയുന്നത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍, പാമ്പാടി രാജന്‍.ഗുരുവായൂര്‍ പത്മനാഭന്‍ തുടങ്ങിയ ആനകളാണ് ഏറ്റവും കൂടുതല്‍ ഏക്കത്തുക വാങ്ങുന്ന ആനകള്‍. എന്നാല്‍ ആനകളെയെല്ലാം കഴിഞ്ഞ വര്‍ഷത്തെ തുകക്ക് തന്നെ എഴുന്നള്ളിപ്പിന് കൊണ്ടു പോകാനാണ് ഉടമസ്ഥരുടെ തീരുമാനം.
പിരിവു നടത്തി പണം ഉണ്ടാക്കാനാണെങ്കില്‍ ആരുടെയും കയ്യില്‍ പണമില്ല. വിദേശത്തുനിന്നുള്ള സംഭാവന വരവിലും കാര്യമായകുറവ് ഇത്തവണ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ് .
പണമിടപാടുകള്‍ പൂര്‍ണ്ണമായും ബാങ്കുവഴിയാക്കുന്നതും വന്‍ പ്രതിസന്ധിയാണ് ഉത്സവ നടത്തിപ്പുകാര്‍ക്ക് ഉണ്ടാക്കുക. ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ചിലവുകളുടെയും പണം ഓണ്‍ ലൈനായി കൈമാറുകയെന്നത് അപ്രായോഗികമാണ്. ക്ഷേത്രത്തില്‍ പൂജക്കായി മേടിക്കുന്ന പൂക്കള്‍ തൊട്ട് വെടിക്കെട്ട് വരെ നീളുന്ന വലിയ പട്ടികയാണത്.
സാമ്പത്തിക പ്രതിസന്ധി പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ ഇത്തവണ നിറം മങ്ങിയതാക്കുമെന്ന് എറക്കുറെ ഉറപ്പാണ്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്യങ്ങള്‍ ഓരോ കോടി വീതമാണ് ചിലവാക്കുന്നത് ഈ തുകയെല്ലാം സംഭാവനയായി പിരിച്ചെടുക്കുന്നതാണെന്ന് തിരുവമ്പാടി ദേവസ്യം സെക്രട്ടറി പ്രൊഫ . മാധവന്‍ കുട്ടി പറയുന്നു. ക്രിസ്ത്യന്‍-മുസ്ലീം പള്ളിപ്പെരുന്നാളുകള്‍ നടക്കുന്നതും ഇതേസമയത്തുതന്നെയാണ്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ആശങ്കകള്‍ നിലനില്‍ക്കയാണ് നോട്ട് പ്രതിസന്ധികൂട് വന്നത്.
ആനകളുടെ എഴുന്നള്ളിപ്പിന് കേന്ദ്ര വന്യ ജീവി സംരക്ഷണ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് .പുറ്റിങ്ങല്‍ വെടിക്കെട്ടപകടം മുലം വെടിക്കെട്ടിന് കര്‍ശ്ശന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവയെല്ലാം കൂടി ആഘോഷങ്ങളുടെ പൊലിമ കെടുത്തും എന്നാണ് ഉത്സവ പ്രേമികള്‍ പറയുന്നത് .











































