തോമാശ്ലീഹാ കേരളത്തില്‍ വന്നുവെന്ന വാദം തെറ്റ്: എം.ജി.എസ് നാരായണന്‍

വിശുദ്ധ തോമാശ്ലീഹാ കേരളത്തില്‍ വന്നുവെന്ന വാദം തെറ്റെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍. ഇന്ത്യയിലോ കേരളത്തിലോ സെന്റ് തോമസ് വന്നിട്ടില്ലെന്നാണ് എംജിഎസിന്റെ വാദം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സഭ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് തോമസ് കേരളത്തില്‍ എത്തി എന്നു പറയുന്ന കാലത്ത് കേരളത്തില്‍ ബ്രാഹ്മണര്‍ പോയിട്ട് ജനവാസം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ സ്വന്തം ഇഷ് ടപ്രകാരം വളച്ചൊടിക്കുന്നത് പതിവാണ്. പുരാവസ്തുപരമായി സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നുവെന്നതിന് യാതൊരു തെളിവുമില്ല. ഇവിടെ വന്നിട്ട് എന്ത് ചെയ്യാന്‍ ഇവിടെ കാട് മാത്രമേയുള്ളൂ, അപ്പോള്‍ പിന്നെ എന്തിനാണ് വരുന്നത്, എന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു.

മൗര്യന്‍ കാലത്തിന്റെ അവസാനകാലത്ത് മാത്രമേ ഇവിടെ ജനവാസമുള്ളൂ. എഡി നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മാത്രമാണ് ഇവിടെ ജനവാസം തുടങ്ങുന്നത്. സഭ സ്വന്ത ഇഷ് ടപ്രകാരം ഉണ്ടാക്കിയ കഥയാണ് സെന്റ് തോമസിന്റെ കേരള സന്ദര്‍ശനം. ഏറ്റവും പഴയതാണ് എന്ന് പറയുന്നതാണല്ലോ ഏറ്റവും വലിയ യോഗ്യതയെന്നും അദ്ദേഹം പറയുന്നു. മതങ്ങളും രാഷ് ട്രീയപാര്‍ട്ടികളും ചരിത്രത്തെ വളച്ചൊടിക്കുന്നത് എക്കാലവുമുണ്ടെന്നും എംജിഎസ് പറഞ്ഞു.

തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ ഇന്ന് വ്യക്തമാക്കിയിരുന്നു. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു.

സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞിരുന്നു.