ഒരാഴ്ച മുമ്പായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎസ് സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് വൈറ്റ് ഹൗസിന്റെ തോട്ടത്തില്‍ ഒരു വൃക്ഷത്തൈ നടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ആ വൃക്ഷത്തൈ അവിടെ നിന്ന് അപ്രത്യക്ഷമായെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ചടങ്ങ് മാത്രമായിരുന്നു വൃക്ഷത്തൈ നടല്‍ എന്നാണ് യുഎസ്- ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൃക്ഷത്തൈ താല്‍ക്കാലിമായി അവിടെ നിന്ന് മാറ്റിയതാണെന്നും പിന്നീട് അവിടെ തന്നെ അത് നട്ടുപിടിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒന്നാം ലോക മഹായുദ്ധ കാലത്ത് 2000 അമേരിക്കന്‍ സൈനികര്‍ മരിച്ചുവീണ ഫ്രാന്‍സിലെ ബെല്ല്യൂ കാടുകളില്‍ കണ്ടുവരുന്ന മരത്തിന്റെ തൈ ആണ് വൈറ്റ് ഹൗസിലെ തോട്ടത്തില്‍ ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ ചേര്‍ന്ന് നട്ടത്.