ഹരീഷ് ശിവരാമൻ
ഇടയ്ക്കൊക്കെ അപാരമായ സങ്കടത്തോടെ ഇനിഷ്യൽ കൂടാതെ ഞാൻ ഓർക്കാറുള്ള മൂന്ന് പേരുകളാണ് അനു , സുജിത്, കിം കരുണാകരൻ എന്നത്.കുറച്ചുനാളുകൾക്ക് ശേഷം പതിവുപോലെ അനുവാദം ചോദിക്കാതെ അവർ എന്റെ ഓർമ്മയിലേയ്ക്ക് വെറും വെറുതെ എന്ന മട്ടിൽ ഇന്നും കടന്നുവന്നു. എനിക്കവർ അഥിതികളല്ല. അവർ തന്നെയാണ് ഞാൻ. എന്നെ വിട്ടുപോവുന്ന ഞാൻ എന്നിലേയ്ക്ക് തിരിച്ചുവരുന്ന ലാഘവത്തോടെ എന്റെ ഓർമ്മകളെ സ്വന്തമെന്ന പോലെ അവർ മൂവരും ഉപയോഗിക്കുന്നു.
അനു എന്നേക്കാൾ ഒരു വയസ്സ് മൂത്തതാണ്. സുജിത്തും കിമ്മും എന്റെ പ്രായത്തേക്കാൾ രണ്ടുവർഷം പിറകിലും. ഞാനൊഴിച്ച് ബാക്കി മൂന്നുപേരും ഇന്നില്ല. ജീവിച്ചിരുന്നെങ്കിൽ അനുവിനിപ്പോൾ പ്രായം 41 ആകുമായിരുന്നു. സുജിത്തിനും കിമ്മിനും 38 ഉം. അവർക്ക് പക്ഷേ ജീവിക്കാൻ പറ്റിയില്ല. മൂവരും മരിച്ചുപോയി. സ്വന്തം ഇഷ്ടപ്രകാരമോ ആയുസ്സെത്തിയോ അവർ ഇഹലോകം വെടിഞ്ഞതല്ല. അവരെ മനപ്പൂർവ്വം കൊന്നതാണ്. കരുതിക്കൂട്ടി. ദയവില്ലാതെ!
പരുമല ദേവസ്വം കോളേജിൽ പഠിക്കാനായി ചെന്നവരായിരുന്നു അവർ. കലാലയ രാഷ്ട്രീയം നിരോധിക്കപ്പെട്ടിട്ടില്ലാത്ത ആ 1995 കാലം. പരുമല ഡിബി കോളേജ് എസ്.എഫ്.ഐ യുടെ ഉറച്ചകോട്ട. ജനാധിപത്യനാടല്ലേ, ആർക്കം ഏത് രാഷ്ട്രീയപ്പാർട്ടിയിലും വിശ്വസിക്കാനും പ്രവർത്തിക്കാനും അവകാശമുണ്ടല്ലോ. ഉണ്ടാവണമല്ലോ. അവർ മൂവരും എബിവിപി എന്ന വിദ്യാർത്ഥി സംഘടനയിലാണ് വിശ്വസിച്ചതും പ്രവർത്തിച്ചതും. അത് ഒരിക്കലും തെറ്റോ കുറ്റമോ ആവുന്നില്ലല്ലോ. ജനാധിപത്യം ഏതൊരു പൗരനും അനുവദിച്ച് നൽകുന്ന സ്വാതന്ത്രമല്ലേ അത്? ഏതായാലും എബിവിപിക്കാരനായ അനു എസ്എഫ്ഐക്കോട്ടയായ ഡിബി കോളേജിന്റെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയോ മറ്റോ ആയി. മത്സരിച്ച് ജയിച്ച്. പരിപൂർണ്ണമായും ജനാധിപത്യസംവിധാനത്തെ മാനിച്ച്.
എന്നാൽ അക്കാലവും എസ്എഫ്ഐ ഇന്നത്തെപ്പോലെ ഫാസിസ്റ്റ് പ്രവണത പ്രകടിപ്പിക്കുന്ന ഒരു സംഘടന ആയിരുന്നല്ലോ. ശത്രുക്കളെ ഉന്മൂലനം ചെയ്ത് സ്ഥിതി സംരക്ഷണം സാധ്യമാക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം! കൊലയൊഴിച്ചുള്ള സാധ്യമാവുന്ന ഉപായങ്ങളെല്ലാം എസ്എഫ്ഐ നിർദ്ദയം എബിവിപിക്കാർക്കെതിരെ പ്രയോഗിച്ചു. പരാജയമായിരുന്നു വിധി. പിറ്റേക്കൊല്ലവും അനു മത്സരിക്കാൻ തീരുമാനിച്ചു. ജനാധിപത്യബുദ്ധിയോടെ! എന്നാൽ സൈക്കിൾ ചെയിനും ആണിപാകിയ പട്ടികകളും വടിവാളും കരിങ്കൽച്ചീളുകളുമായി എസ്എഫ്ഐ രാഷ്ട്രീയവൈരികളെ നേരിട്ടു. പ്രാണഭയത്താൽ പല കുട്ടികളും പമ്പയാറ്റിൽ ചാടി മറുകരയുടെ സുരക്ഷതേടി. പുഴയിൽ ചാടിയവർക്ക് നേരേ ചീളുകല്ലുകൾ എസ്എഫ്ഐക്കാർ തൊടുത്തു. തലപൊക്കാൻ അനുവദിക്കാതെ അവരെ പമ്പയാറിന്റെ ആഴത്തിൽ തന്നെ നിലനിർത്താൻ യത്നിച്ചു. ചിലർ സുരക്ഷിതമായി മറുകരകയറി.
കുളിക്കാൻ വന്ന സ്ത്രീകൾ സാരി നീട്ടിയെറിഞ്ഞ് ചിലരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. അവരെയും എസ്എഫ്ഐക്കാർ കല്ലെറിഞ്ഞു മടക്കി. അനുവിനെയും സുജിത്തിനെയും കിമ്മിനെയും പമ്പയാർ തന്റെ മാറാഴത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി എസ്എഫ് ഐക്കാരിൽ നിന്നും രക്ഷിച്ചു. അവർ മരിച്ചുവെന്ന് എസ്എഫ്ഐ പരിഷകൾ ആഹ്ളാദം കൊള്ളുന്നു. എനിക്കറിയാമല്ലോ അവർ മരിച്ചിട്ടില്ലെന്ന്. എന്റെ ഓർമ്മകളിൽ വന്ന് അവർ ചില ഫലിതങ്ങൾ എന്നോട് പറയാറുണ്ട്. ഇപ്പോഴും പറയുന്നു.
അന്ന് അവരെ കരയ്ക്കുനിന്ന് കല്ലെറിഞ്ഞ എസ്എഫ്ഐക്കാർ ഇന്നെവിടായാണ്. അവരിൽ പലരും കുറ്റബോധങ്ങൾ കൂടാതെ വലിയ രാഷ്ട്രീയശരിയന്മാരായി ഈയിടത്തിൽ ഫാസിസത്തിനെതിരെ പടപൊരുതുന്നുണ്ടാവും. അല്ലേ? എല്ലാം ജനാധിപത്യ സംരക്ഷണത്തിനായി. ഫാസിസ നിഗ്രഹത്തിനായി… കഷ്ടം.
            










































