ബംഗളൂരു: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ ചാക്കിട്ടുപിടുത്തം ശക്തമാക്കി ബി.ജെ.പി. കോണ്‍ഗ്രസിനുള്ളില്‍നിന്നു എം.എല്‍.എമാരെ ചാടിച്ച് ഭരണം പിടിച്ചെടുക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം. ബാദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ട ശ്രീരാമുലുവിനാണ് ഇതിനുള്ള ചുമതല. കൂറുമാറ്റത്തിന് നൂറുകോടി വരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ വിളിച്ചതായി കോണ്‍ഗ്രസ് എം.എല്‍.എ അമരഗൗഡ അറിയിച്ചു. ജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിടുന്നതിനുള്ള ശ്രമം പാര്‍ട്ടി നടത്തുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പയും വ്യക്തമാക്കി.
ബി.ജെ.പിയുടെ ‘ചാക്കിടല്‍’ തടയാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റിയേക്കും.നിലവില്‍ നാലു എം.എല്‍.എമാരെ ബന്ധപ്പെടാനാകാത്ത സ്ഥിതിയിലാണു കോണ്‍ഗ്രസെന്നു റിപ്പോര്‍ട്ട്. എം.എല്‍.എമാരെ ബന്ധപ്പെടാനാകുന്നില്ലെന്ന കാര്യം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു.