തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണത്തിലൂടെ നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള സര്‍ക്കാരിന് ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാധാരണക്കാര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും സാധനങ്ങള്‍ കിട്ടാനില്ല. അതുപോലെ വികസനകാര്യത്തില്‍ സംസ്ഥാനത്ത് പൂര്‍ണമായ മരവിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ ഒരു പദ്ധതി പോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ല. എന്നുമാത്രമല്ല യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഒന്നുംതന്നെ പൂര്‍ത്തിയാക്കിയിട്ടുമില്ല എന്നും അദ്ദേഹം പറഞ്ഞു. വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല എഴുതിയ ‘ എല്ലാം തകര്‍ത്തെറിഞ്ഞ രണ്ടുവര്‍ഷം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈയില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.