അത്യാഡംബരപൂര്‍വ്വം കൊട്ടിഘോഷിച്ച് മകളുടെ വിവാഹം നടത്തിയ ബാര്‍ മുതലാളി ബിജു രമേശ് ആദായ നികുതി വകുപ്പിന്റെ കര്‍ശ്ശന നിരീക്ഷണത്തിലേക്ക്.വിവാഹ വേദിയും അനുബന്ധ ചടങ്ങുകള്‍ നടന്ന സ്ഥലങ്ങളിലുമെല്ലാം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിവാഹത്തിന്റെ ചെലവു കണക്കുകള്‍ പരിശോധിച്ചു.അന്വേഷണ ഉദ്യോഗസ്ഥന് വി. ആര് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.വിവാഹത്തിനായി ചിലവഴിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ബിജു രമേശിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലുള്ള വെണ്പാലവട്ടത്തൊരുക്കിയ വിവാഹ വേദിയുടെ എകദേശ ചിലവ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ബിജു രമേശ് നല്കിയ കണക്കുകളുമായി ഒത്തുനോക്കും .ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടത്തിയാല്‍ അധിക ആദായ നികുതിയും പിഴയും ബിജു രമേശ് നല്‍കേണ്ടിവരും
മുന്‍ റവന്യു മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എ യുമായ അടൂര്‍ പ്രകാശിന്റെ മകനുമായുളള വിവാഹത്തിന് കൂറ്റന്‍ വേദിയാണ് വ്യവസായിയായ ബിജു രമേശ് ഒരുക്കിയത് .ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാനാകുന്ന കൂറ്റന്‍ പന്തല്‍ മൈസൂര്‍ കൊട്ടാര മാത്രകയിലാണ് പണിതീര്‍ത്തത് .പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്ര മാത്രകയിലാണ് വിവാഹ വേദി ഒരുക്കിയത് .രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോള് ബിജു രമേശ് നടത്തിയ അത്യാഡംബര വിവാഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
അടുര്‍ പ്രകാശിന്റെ മകന്റെ വിവാഹ ധൂര്‍ത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു തന്നെ പരക്കെ വിമര്‍ശനം ഉയര്‍ന്നു.ഐ വിഭാഗത്തെ പ്രമുഖ നേതാവിന്റ മകന്റെ വിവാഹത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് പ്രമുഖരും പങ്കടുത്തില്ല.പാര്‍ട്ടിക്ക് ഇത്തരം വിവാഹ ധൂര്‍ത്തില്‍ യാതൊരു വിധത്തിലുമുള്ള ഉത്തരവാദിത്തവും ഇല്ല എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രധാന നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധിരന്‍ അമിതമായി പണം ചിലവഴിച്ചുള്ള വിവാഹത്തില്‍ അമര്‍ഷം രേഖപ്പെടുത്തി. മുഖ്യ മന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുപക്ഷ നേതാക്കളാരും തന്നെ വിവാഹത്തിനെത്തിയില്ല.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയെക്കുറിച്ച് ബിജു രമേശ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
            


























 
				
















