ചെങ്ങന്നൂരില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്; സജി ചെറിയാൻ മുന്നില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്.  6154  വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാൻ. മാന്നാര്‍ പാണ്ടനാട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.

മാന്നാർ പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1379 വോട്ടിനാണ് സജി ചെറിയാൻ ലീഡ് ചെയ്തിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 3643 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് ഇവിടെ 1119 വോട്ടു കുറഞ്ഞു.

കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ പഞ്ചായത്താണ് പാണ്ടനാട്. 288 വോട്ടുകളായിരുന്നു യു.ഡി.എഫ് ലീഡ്. ബിജെപി കേന്ദ്രമായ തിരുവൻവണ്ടൂർ പഞ്ചായത്തിലും എല്‍ഡിഎഫിനാണ് ലീഡ്.

മാന്നാര്‍ – എൽഡിഎഫ്  ( 2768 വോട്ടുകളുടെ ലീഡ്)
പാണ്ടനാട്- എല്‍ഡിഎഫ് (649 വോട്ടുകളുടെ ലീഡ്)
തിരുവന്‍വണ്ടൂര്‍-  എൽഡിഎഫ്  
ചെങ്ങന്നൂര്‍-
മുളക്കുഴ-
ആല-
പുലിയൂര്‍-
ബുധനൂര്‍-
ചെന്നിത്തല-
ചെറിയാനാട്-
വെണ്മണി-

പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായിനിൽക്കുന്ന ബൂത്തുകളിലാണ് എൽഡിഎഫിന് ലീഡ്.

ബിജെപി വോട്ട് കഴിഞ്ഞ തവണത്തേക്കാൾ പകുതിയായി.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.  പതിനാല് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകും. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെറിയ ഭൂരിപക്ഷത്തിനാണ് ഏതെങ്കിലും പാര്‍ട്ടി വിജയിക്കുന്നതെങ്കില്‍ പിന്നീട് തപാല്‍ വോട്ടുകളുടെ കാര്യം നിയമ പോരാട്ടത്തിലേക്ക് നീങ്ങാനും സാധ്യതകളുണ്ട്.

സി.ഐ.എസ്.എഫും കേരള പോലീസും സംയുക്തമായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ തോക്കുധാരികളായ 85 സി.ഐ.എസ്.എഫ്. ജവാന്‍മാരാണ് അടച്ചുറപ്പുള്ള മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ക്ക് കാവല്‍. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ 300 പോലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്. മൂന്ന് സി.ഐ.മാരും 18 എസ്.ഐ.മാരും സേവനത്തിനെത്തും.