തിരുവനന്തപുരം – കൂട്ടം തെറ്റിപ്പോയ കുഞ്ഞാടുകളെ കണ്ടെത്തിയ ഇടയന്മാരുടെ കഥകള്‍ ബൈബിളില്‍ സുലഭമാണ്. എന്നാല്‍ കേരള പോലീസിന്റെ പക്കലുള്ള കണക്ക് അനുസരിച്ച് വഴിതെറ്റിപ്പോയ ഇടയന്മാരുടെ എണ്ണം ഏതാണ്ട് നൂറോളം വരും. ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള ക്രൈസ്തവ പുരോഹിതന്മാരുടെ എണ്ണം. ദിനംപ്രതി വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ ഫിഗറസിന്റെ കഥ വിളിച്ചുപറയുന്നത്. 2010 ല്‍ ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം കേരളത്തില്‍ 75ലധികം പുരോഹിതര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇക്കൂട്ടത്തില്‍ കൊലപാതകം, കൊലപാതക ശ്രമം, ബലാല്‍സംഗം, സ്ത്രീപീഡനം, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, മോഷണം, തടഞ്ഞുവെയ്ക്കല്‍, അതിക്രമിച്ചുകടക്കല്‍, വെട്ടിപ്പും, തട്ടിപ്പും തുടങ്ങീ ഇന്ത്യന്‍ പീനല്‍കോഡില്‍ ഉള്ള ഒട്ടുമിക്ക വകുപ്പുകള്‍ പ്രകാരം കേസുകളില്‍ പ്രതിയായിട്ടുള്ള നിരവധി വൈദികരുണ്ട്. യേശുക്രിസ്തു പഠിപ്പിച്ച പത്ത് കല്‍പ്പനകള്‍ പൂര്‍ണ്ണമായും ലംഘിച്ചവരാണ് ഇവരില്‍ അധികവും. ഇവരെക്കുറിച്ച് വെള്ളതേച്ച ശവക്കല്ലറകള്‍ എന്ന് പറയേണ്ടിവരും.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി, എന്നിവരെക്കൂടാതെ കൊലപാതക ശ്രമത്തിന് കേസില്‍ പ്രതികളായ ബാബു ചിറക്കവൂര്, മാത്യു ജേക്കബ്, ഇ.ടി. ജോണ്സണ്, കെ.പി. മത്തായി, ജോയ് ടി. വര്‍ഗ്ഗീസ്, ജിജു വര്‍ഗ്ഗീസ്, റെജി എന്നീ വൈദികരും വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കേസുകള്‍ നേരിടുന്നവരാണ്. ഇതുകൂടാതെ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിന് പാവറട്ടി സെന്റ് ജോസഫ് പള്ളി വികാരി പോള്‍ പയ്യപ്പള്ളി എക്സ്പ്ലോസീവ് ആക്ട് അനുസരിച്ച് കേസ് നേരിടുന്ന മറ്റൊരു വ്യക്തിയാണ്. ബലാല്‍സംഗക്കേസില്‍ പ്രതികളായ അഞ്ചോളം പുരോഹിതരുണ്ട്. ഇതിനുംപുറമേ അനാശാസ്യ കേസില്‍ പ്രതികളായ പത്തോളം പുരോഹിതര്‍. ഇത് കൂടാതെ പതിനഞ്ചിലധികം പേര് തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചന കേസുകളില്‍ പ്രതികളാണ്. അഭയക്കേസിലെ പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ കേസുകള്‍ വിവിധ കോടതികളില്‍ നില്‍ക്കുകയാണ്.
കന്യാ സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മൂന്നുപേരും പ്രതികളായത്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മൂന്നുപേരും പ്രതികളായത്. 27 വര്‍ഷമായി ഈ കേസ് സംബന്ധിച്ച അന്വേഷണങ്ങളും വിചാരണയും പല കോടതിയിലായി നടക്കുകയാണ്. കത്തോലിക്കാ സഭ ഇടപെട്ട് ഈ കേസ് ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കാനും മൂടിവെയ്ക്കാനും വലിയ ശ്രമം നടത്തിയിരുന്നു. ജോമോന് പുത്തന്‍പുരയ്ക്കല്‍ എന്ന ഒരു ചെറുപ്പക്കാരന്റെ ഇടപെടലുകള്‍ കൊണ്ടാണ് മൂന്നു പ്രതികളെ പിടിക്കാന്‍ കഴിഞ്ഞത്.

ഒരു വൈദികന് ആദ്യമായി പ്രതിയായ കൊലക്കേസ് ഉണ്ടായത്1966 ല്‍ ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത് മാടത്തരുവി എന്ന സ്ഥലത്ത് മറിയക്കുട്ടി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോസഫ് ബെനഡിക്ട് എന്ന കത്തോലിക്കാ പുരോഹിതനെ അറസ്റ്റ് ചെയ്തത്. വലിയ വാര്‍ത്തയായിരുന്നു. കീഴ് ക്കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെവിട്ടു. അതിനുശേഷം 1985 ല്‍ ഓര്‍ത്തഡോക്സ് സഭയിലെ രവിയച്ചന് എന്ന പുരോഹിതനെ കോട്ടയത്തിനടുത്ത് കുറുച്ചി ഹോമിയോ കോളജിലെ വിദ്യാര്‍ത്ഥിനിയായ ജോളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജില്ലാ കോടതി ജീവപര്യന്തം തടവിന് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെവിട്ടു. കൊല്ലം കുണ്ടറയില്‍ നഴ്സായ മേരിക്കുട്ടി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ കാമുകനും കത്തോലിക്കാ പുരോഹിതനുമായ ഫാദര്‍ ആന്റണി ലാസര്‍ എന്നയാളെ ആറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചിരുന്നു. മേരിക്കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയതിനാണ് അച്ചനും കൂട്ടാളിയായ ശശി എന്ന വ്യക്തിക്കും കോടതി കഠിന തടവ് വിധിച്ചത്.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തൃശൂര്‍ ജില്ലയിലെ പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസ് എന്ന കത്തോലിക്കാ പുരോഹിതന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്.