ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി∙ സർവീസ് ചട്ടങ്ങൾ ലംഘിച്ചു സ്വകാര്യ കോളജിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരളാ ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. കേരള ട്രാൻസ്പോർട്ട് ‍ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ എംഡിയായിരിക്കെ സർവീസ് ചട്ടങ്ങൾ ലംഘിച്ചു കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ശമ്പളം വാങ്ങി ജോലി ചെയ്ത കേസിൽ സർക്കാർ നടപടിയെടുത്തില്ലെന്നാണു കൂത്തുപറമ്പു സ്വദേശിയായ സത്യൻ നരവൂറിന്റെ ഹർജിയിലെ ആരോപണം.

കേസെടുക്കാൻ പര്യാപ്തമായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്ന് കോടതി കണ്ടെത്തി. ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ കോളജിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്നാണ് ആരോപണം. ഇതിൽ നേരത്തെ അന്വേഷണം നടന്നിരുന്നു. പിന്നീട് ജേക്കബ് തോമസ് പ്രതിഫലം തിരികെ നൽകിയിരുന്നു. വീണ്ടും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പര്യാപ്തമായ വസ്തുതകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ, ഇതേ ഹർജിയിൽ യുഡിഎഫിനെയും സിബിഐയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അഴിമതിക്കേസുകളിൽ യുഡിഎഫ് നേതാക്കൾക്കെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണം സമ്മർദം ചെലുത്തി അവസാനിപ്പിക്കാനുള്ള നീക്കമായാണു ജേക്കബ് തോമസിനെതിരായ ഹർജിയെ സംസ്ഥാന സർക്കാർ സത്യവാങ്‌മൂലത്തിൽ വിലയിരുത്തിയത്.

ഹർജിക്കാരന്റെ പരാതിയിൽ കഴമ്പില്ലെന്നും ജേക്കബ് തോമസിനോടു ഹർജിക്കാരനു വ്യക്തിവൈരാഗ്യമുണ്ടെന്നും സർക്കാരിനു വേണ്ടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി എൽ.ടി.സന്തോഷ് കുമാർ നൽകിയ മറുപടി സത്യവാങ്മൂലം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ലാത്ത ഹർജിയിൽ അന്വേഷണത്തിനു തയാറാണെന്ന് അറിയിച്ച സിബിഐയുടെ നടപടി അനാവശ്യവും ദുരൂഹവുമാണെന്നും സർക്കാർ വിമർശിച്ചു.