തൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. നഗരസഭ കൗണ്‍സിലര്‍ ജയന്തനടക്കം നാല് പേര് തന്നെ പീഡിപ്പിച്ചതായി യുവതി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.പാലക്കാട് അസി. പൊലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്.
തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി.എന്‍. ജയന്തനടക്കം നാലുപേരാണ് കുറ്റാരോപിതര്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്.യുവതി കഴിഞ്ഞ ആഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു.
പൊലീസ് നടപടിയെടുക്കാതെ വന്നപ്പോള്‍ യുവതി ക്രൈം ഡിറ്റാച്ച്മെന്റ് റൂറല്‍ എസ്പിക്ക് പരാതി നല്കി. ഇതേതുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. പേരാമംഗലം സിഐ മണികണ്ഠന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തിരുന്നത്. തുടര്‍ന്നാണ് പ്രതികളും സിഐ മണികണ്ഠന് അടക്കമുളളവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങുകയും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി തിരുത്താന്‍ നിര്‍ബന്ധിപ്പിക്കുന്നതും എന്നാണ് യുവതി ആരോപിച്ചത് .
 
            


























 
				
















