ഇന്ത്യയുടെ ജേഴ്‌സിയില്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ ഇനിമുതല്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ്. ഓപ്പോയെ പിന്തള്ളിയാണ് മലയാളി ബ്രാന്റായ ബൈജൂസ് ലേണിങ് ആപ് ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇടം നേടിയത്.

സെപ്റ്റംബര്‍ മുതല്‍ ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് നെയിമായിരിക്കും ഉണ്ടാവുക. സെപ്റ്റംബര്‍ 15 മുതല്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് നെയിം ഇന്ത്യന്‍ ടീം അണിയുക.

മാര്‍ച്ച് 2017-ല്‍ 1,079 കോടി മുടക്കിയാണ് ജേഴ്‌സി കരാര്‍ ഓപ്പോ നേടിയത്. അഞ്ചുകൊല്ലത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ ഓപ്പോ ഇപ്പോള്‍ ബൈജുവിന് മറിച്ചുനല്‍കുകയാണ്.

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. ബെംഗളൂരു ആസ്ഥാനമാക്കിയാണ് ഈ വിദ്യാഭ്യാസ ആപ്പ് പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു.