തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിനുള്ള ചുമതല ഇ.ശ്രീധരനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്.
സര്‍ക്കാരിന്റെ തീരുമാനം ഉചിതമായ നടപടിയാണെന്നും 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതി നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഉണ്ടായ നഷ്ടം ഉത്തരവാദികളായവരില്‍ നിന്നും ഇടാക്കിയേ മതിയാകൂ. പാലാരിവട്ടം പാലത്തിന്റെ ഈ അവസ്ഥയ്ക്ക് ഇട വരുത്തിയ മുഴുവന്‍ പേരെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടു വരേണ്ടതാണ്. ഇക്കാര്യത്തില്‍ ഒരാളെ പോലും വിട്ടു പോകരുത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതി അവസാനിപ്പിക്കുന്നതിന്റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ അഴിമതിക്കെതിരെ സ്വീകരിക്കന്ന നടപടികള്‍, വിഎം സുധീരന് വ്യക്തമാക്കി.
 
            


























 
				
















