അജിത് പവാറിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു; മഹാരാഷ്ട്ര നാടകത്തിന് തിരശ്ശീല

മുംബൈ: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഫഡ്‌നാവിസിന്റെയും രാജി. ഇതോടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ഏകദേശം അന്ത്യമായി. രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചതായി ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നവര്‍ക്ക് ആശംസകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുള്ള സാഹചര്യത്തില്‍ ആ സര്‍ക്കാര്‍ അസ്ഥിരമായിരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.24ന് രാവിലെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തിരുന്നത്. നവംബര്‍ 23ന് അര്‍ദ്ധരാത്രിയാണ് ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍ എന്‍.സി.പിയേയും കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോടെയല്ല സര്‍ക്കാര്‍ രൂപീകരണം എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് 48 മണിക്കൂറിനുള്ളില്‍ അജിത് പവാറിന്റെ പേരിലുള്ള 70000 കോടി രൂപയുടെ അഴിമതിക്കേസ് ബി.ജെ.പി എഴുതിത്തള്ളിയിരുന്നു. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ വ്യക്തമാക്കി. 1999-2014 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തുണ്ടായ അഴിമതിയാണത്. വിധര്‍ഭയിലെ വിവിധ ജലസേചന പദ്ധതികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണം. 2018 നവംബറിലാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. എങ്ങനെയെങ്കിലും അജിത് പവാറിനെ കൂടെ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ബി.ജെ.പി ഈ നീക്കം നടത്തിയത്.