മണിച്ചിത്രത്താഴിലെ നാഗവല്ലിയെ വരച്ച ചിത്രകാരൻ ഇതാ

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലും, ശോഭനയും, സുരേഷ്‌ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം തിയേറ്ററുകളെയെല്ലാം ഇളക്കിമറിച്ചിരുന്നു. ചിത്രത്തിലെ ശോഭനയുടെ നാഗവല്ലി എന്ന കഥാപാത്രവും മോഹന്‍ലാലിന്റെ ഡോ സണ്ണി എന്ന കഥാപാത്രവുമൊക്കെ അത്രമേല്‍ മലയാളിക്ക് പ്രിയപ്പെട്ടതാണ്.

ഇന്നും മണിച്ചിത്രത്താഴ് സിനിമയ്ക്ക് പ്രേക്ഷകരുണ്ട്. എന്നാല്‍ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പലരെയും നാം അത്രത്തോളം അറിഞ്ഞിട്ടുണ്ടാവില്ല. മണിച്ചിത്രത്താഴിലെ നാഗവല്ലി കഥാപാത്രത്തിന്റെ ചിത്രം വരച്ചത് ആരാണ് എന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഹരിശങ്കര്‍ ടി എസ് എന്നയാളാണ് നാഗവല്ലിയുടെ ചിത്രം വരച്ചയാളെ മലയാളികള്‍ക്ക് മുന്നിലേക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരിശങ്കര്‍ ആ ചിത്രകാരന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍ മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്. ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ടായിരുന്നുവെന്നും ഹരിശങ്കര്‍ പറയുന്നു.

ഹരിശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍ മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്. ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ മാധവന്റെ അമ്മാവന്റെ മകനാണ് ആര്‍ മാധവന്‍.