കൊച്ചി : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തില്‍ ഡി.ജെ പാര്‍ട്ടികള്‍ നടത്താനുള്ള അനുമതി പോലീസ് നിഷേധിച്ചു. മൂന്നു പ്രധാനപ്പെട്ട പക്ഷനക്ഷത്ര ഹോട്ടലുകളാണ് ഡി.ജെ. പാര്‍ട്ടി നടത്താന്‍ പൊലീസിന്റെ അനുമതി തേടിയത്. ഈ മൂന്ന് അപേക്ഷകളും പോലീസ് നിരസിച്ചു.
ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ എല്ലാ ഹോട്ടലുകളിലും മഫ്തിയിലുള്ള പോലീസുകാരെ വിന്യസിക്കാനാണ് പോലീസിന്റെ പദ്ധതി.
ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ സ്വന്തം സുരക്ഷയില്‍ ഇവ നടത്തണമെന്നും പോലീസ് അറിയിച്ചു. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നാല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നഗരത്തില്‍ ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
നഗരത്തിലെ ഹോട്ടലുകാരുടെ യോഗം 27-ന് പോലീസ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളെക്കുറിച്ച് ഹോട്ടലുടമകളുമായി ചര്‍ച്ച ചെയ്യുമെന്ന് പോലീസ് അറിയിച്ചു. രാത്രി പത്തു മണിയോടെ മദ്യം വിളമ്പുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ട്രാഫിക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ അറിയിച്ചു. ഇക്കാര്യത്തില്‍ ചട്ടലംഘനം നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
            


























 
				
















