കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതോടെയാണ് സര്‍ക്കാരിന്റെ നമ്പര്‍ വണ്‍ കേരളം എന്ന ആപ്തവാക്യം യാഥാര്‍ഥ്യമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ഇന്ന് രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടുക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. കോവിഡ് രോഗിക്ക് തലയില്‍ മുണ്ടിട്ട് ചികിത്സയ്ക്ക് വരേണ്ട അവസ്ഥയുണ്ടാക്കിയതോടെ പിണറായി വിജയന് സമാധാനമായില്ലേയെന്നും കെ.സുരേന്ദ്രന് ചോദിച്ചു.
ഇത് കാണിക്കുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ്. ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും കൈ മലര്‍ത്തുകയാണ്. ഒരു സംവിധാനവുമില്ല, കോവിഡ് രോഗികളെ കൊണ്ടുപോവാന്‍ ആളില്ല. യഥാര്‍ഥത്തില്‍ തലയില്‍ മുണ്ടിട്ടിരിക്കുന്നത് സര്‍ക്കാരാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാല നിയമനങ്ങളെല്ലാം സങ്കുചിത താല്പര്യങ്ങള്ക്ക് വഴിമാറുന്നു. അവസാനമായി ശ്രീനാരായണ ഗുരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിയമനവും അതേ വഴിക്കാണ് പോവുന്നത്. ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ശുപാര്‍ശ പുനപരിശോധിക്കണം. ഗുരുവിന്റെ ദര്‍ശനവുമായോ ജീവതവുമായോ പുല ബന്ധമില്ലാത്തവരെയാണ് പല സ്ഥാനങ്ങളിലും നിയമിക്കുന്നത് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
യു.പിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച് മുതലക്കണ്ണീര് ഒഴുക്കുന്നവര് വാളയാറിലെ പെണ്‍കുട്ടിയോട് ഒരു കരുണയെങ്കിലും കാണിക്കണം. വാളയാര്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരെടുത്തത്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്കുന്ന നിലപാടാണ് സര്‍ക്കാരെടുത്തതെന്നും സുരേന്ദ്രന് ആരോപിച്ചു.