സി.പി.എം വിമതന്‍ പിന്തുണച്ചു; മാവേലിക്കര നഗരസഭയിൽ യു.ഡി.എഫ് ഭരണം

    ആലപ്പുഴ: മാവേലിക്കര നഗരസഭാ ഭരണം യു.ഡി.എഫിന്. സി.പി.എം വിമതനായ കെ.വി ശ്രീകുമാറിന്റെ പിന്തുണയിലാണ് യു.ഡി.എഫ് അധികാരമുറപ്പിച്ചത്. ആദ്യ മൂന്നു വർഷം ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കാനാണ് ധാരണം. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും.

    28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനും ബിജെപിക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. എട്ട് അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച വി.കെ. ശ്രീകുമാര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശ്രീകുമാര്‍ തന്നെ മേയറാക്കുന്നവരെ പിന്തുണക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.

    സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍. അനുഭാവം ഇടതിനോടാണെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് മടിക്കുകയായിരുന്നു. മൂന്ന് വര്‍ഷം ഭരണം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ആറ് മാസം ലഭിച്ചാല്‍ പോലും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.