കളമശ്ശേരിയിലും പരവൂരും നറുക്കെടുപ്പ്; രണ്ടിടത്തും ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ

    കളമശ്ശേരി: എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലിയിലെ പരവൂര്‍ നഗരസഭകളില്‍ ഭരണം യു.ഡി.എഫിന്. ഇരു നഗരസഭകളിലും നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിച്ചത്. കളമശ്ശേരി നഗരസഭയില്‍ സീമ കണ്ണന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പരവൂരില്‍ പി. ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍.

    കളമശ്ശേരി നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണനെ തിരഞ്ഞെടുത്തത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.

    42 വാര്‍ഡുകളുള്ള നഗരസഭയില്‍ ഒരു വാര്‍ഡിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാര്‍ഡുകളില്‍ യു.ഡി.എഫിന് 19-ഉം എല്‍.ഡി.എഫിന് 18-ഉം വാര്‍ഡുകളും എന്‍.ഡി.എ.യ്ക്ക് ഒരു വാര്‍ഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സി.പി.എം. റിബലും ഒരു കോണ്‍ഗ്രസ് റിബലും ഒരു മുസ്ലിം ലീഗ് റിബലും വിജയിച്ചിരുന്നു.

    സി.പി.എം. റിബലായി ജയിച്ച ബിന്ദു മനോഹരന്‍ എല്‍.ഡി.എഫിനൊപ്പം കൂടി. മുസ്ലിം ലീഗ് റിബലായി വിജയിച്ച കെ.എച്ച്. സുബൈര്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി എ.കെ. നിഷാദ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.