ലിംഗസമത്വം: രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരിയില്‍ കോഴിക്കോട്ട്

തിരുവനന്തപുരം: യുഎന്‍ വിമനിന്‍റെ സഹകരണത്തോടെ ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന ലിംഗസമത്വം സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം (ഐസിജിഇ 2) 2021 ഫെബ്രുവരിയില്‍ കോഴിക്കോട്ട് നടക്കും. ജെന്‍ഡര്‍ പാര്‍ക്കിന്‍റെ കോഴിക്കോട് ക്യാമ്പസില്‍ ഫെബ്രുവരി 11,12,13 തീയതികളില്‍ നടക്കുന്ന സമ്മേളനം കൊവിഡ് പശ്ചാത്തലത്തില്‍ ഭാഗികമായി ഡിജിറ്റല്‍ രൂപത്തിലുമായിരിക്കും നടക്കുന്നത്. സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വത്തിന്‍റെ പങ്ക്; ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇക്കുറി ഐസിജിഇ യുടെ പ്രമേയം.

ഐസിജിഇ രണ്ടിന്‍റെ പ്രഖ്യാപനം ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ബ്രോഷര്‍ പ്രകാശനവും മന്ത്രിക്കു പുറമെ യു എന്‍ വിമന്‍ ഇന്ത്യാ ഡപ്യൂട്ടി റപ്രസന്‍റേറ്റീവ് മിസ് നിഷ്താ സത്യം, സാമൂഹ്യനീതി, വനിതാ ശിശുവികസന സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ ഐഎഎസ്, ജെന്‍ഡര്‍ പാര്‍ക്ക് സി ഇഒ ഡോ പി ടി എം സുനീഷ് എന്നിവര്‍ ചേര്‍ന്ന് ചടങ്ങില്‍  നിര്‍വ്വഹിച്ചു.

സംരംഭകത്വം സാമ്പത്തിക വളര്‍ച്ച, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ ലിംഗസമത്വത്തിന്‍റെ സുപ്രധാനമായ ബന്ധത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ഈ പ്രമേയത്തിന് പിന്നില്‍. സുസ്ഥിര സംരംഭകത്വം, സാമൂഹ്യ വ്യാപാരം എന്നിവയുടെ ശരിയായ അര്‍ത്ഥം, മാതൃക, വര്‍ത്തമാനകാലത്തെ സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവയില്‍ ലിംഗസമത്വത്തിന്‍റെ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്തി ശ്രീമതി ശൈലജ ടീച്ചര്‍ പറഞ്ഞു.

ദേശീയ-അന്തര്‍ദേശീയ തലത്തിലെ വ്യവസായ പ്രമുഖര്‍, സംരംഭകര്‍, നൂതന ആശയദാതാക്കള്‍, തുടങ്ങി അമ്പതോളം പേരാണ് സമ്മേളനത്തില്‍ സംസാരിക്കുക. എല്ലാ ലിംഗക്കാര്‍ക്കും തുല്യതയും ഉറപ്പുവരുത്തുന്നതു മാത്രമല്ല ഐസിജിഇ ആവശ്യപ്പെടുന്നത്. മറിച്ച് എല്ലാ ലിംഗ വിഭാഗക്കാര്‍ക്കും സമൂഹം, വ്യവസായം, സംരംഭം, തൊഴില്‍ മുതലായ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തവും വികസനപദ്ധതികളില്‍ അവസരവും ലഭിക്കുകയെന്നതാണ്. യുഎന്‍ പോപുലേഷന്‍ ഫണ്ട്, യുഎന്‍ വിമന്‍ എന്നിവുമായി ചേര്‍ന്ന് 2015 നവംബറില്‍ തിരുവനന്തപുരത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഐസിജിഇയുടെ ആദ്യ ലക്കം നടത്തിയിരുന്നു.

സംസ്ഥാനത്ത് ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2013 ലാണ് ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിതമായത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്‍റെ പ്രധാന ക്യാമ്പസ് കോഴിക്കോട്ടാണ്. സമത്വവും നീതിയുക്തവുമായ സമൂഹത്തിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണങ്ങള്‍, സാമൂഹ്യവും സാമ്പത്തികവുമായ പദ്ധതികള്‍ തുടങ്ങിയവ ജെന്‍ഡര്‍ പാര്‍ക്കിന്‍റെ ലക്ഷ്യങ്ങളാണ്. ലിംഗസമത്വത്തിനു വേണ്ടിയുള്ള ലോകത്തെ ആദ്യ സ്ഥാപനങ്ങളിലൊന്നാണിത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 24 ഏക്കര്‍ ക്യാമ്പസ് കോഴിക്കോട്ട് ഉദ്ഘാടനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ദക്ഷിണേഷ്യയിലാകെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടി ജെന്‍ഡര്‍ പാര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമനുമായി ധാരണാപത്രം ഒപ്പിട്ടിട്ടിട്ടുണ്ട്. ജെന്‍ഡര്‍ പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു ‘സൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്‍റില്‍ ജെന്‍ഡര്‍ ഡേറ്റ സെന്‍റര്‍ സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ എല്ലാ സഹകരണവും നല്‍കും. ഇന്‍റര്‍നാഷണല്‍ വിമന്‍ ട്രേഡ് സെന്‍റര്‍, വുമന്‍ ഇന്‍ സസ്റ്റെയിനബിള്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഫെലോഷിപ്പ് പ്രോഗ്രാം തുടങ്ങിയ ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതികളുമായി യുഎന്‍ വിമന്‍ സഹകരിക്കുന്നുണ്ട്.