തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതാ നായര്‍ക്കെതിരായ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരന്‍. സരിത പണം പണം കൈപ്പറ്റിയെന്നു വ്യക്തമാക്കുന്ന വാട്‌സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ടു. അതേസമംയം കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോണ്‍ ശബ്ദരേഖ തന്റേതല്ലെന്നു വ്യക്തമാക്കി സരിത നായരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പിന്‍വാതില്‍ നിയമനത്തില്‍ സരിതയുടെ പങ്കിന് തെളിവുണ്ടെന്നാണ് പരാതിക്കാരനായി നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ പറയുന്നത്.
സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിലാണ് സരിത തന്നെ വിളിച്ചു തുടങ്ങിയതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പരാതിയില്‍ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.എന്നാല്‍ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ശബ്ദ രേഖ തന്റേതാല്ലെന്നും സരിത അവകാശപ്പെട്ടു. വ്യാജവാര്‍ത്തകളെട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.
‘ആ ശബ്ദം എന്റേതല്ല. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന്‍ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ല’- സരിത പറഞ്ഞു.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെന്ന് ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ട്. കേസില്‍ നിന്ന് പിന്‍മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത പറയുന്നു.
തെഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി എസ്എസ് അരുണ്‍ ആണ് സരിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്നു ലവ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയില്‍ പറയുന്നുണ്ട്. ബെവ്‌കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്‌ക്കെതിരെയുള്ള പരാതി.