ലക്നൗ: ഉന്നാവോ പീഡനക്കേസിൽ കോടിത ശിക്ഷിച്ച മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി. കുൽദീപ് സെൻഗറിന്റെ ഭാര്യ സംഗീത സെൻഗർ 2016 മുതൽ 2021 വരെ ഉന്നാവ് ജില്ലാ ചെയർപഴ്സൻ ആയിരുന്നു. 2017ലാണ് ഉന്നാവ് ഉൾപ്പെടുന്ന ബൻഗരമൗ മണ്ഡലത്തിൽനിന്ന് കുൽദീപ് ജയിച്ചത്. ഉന്നാവ് പീഡനക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ബിജെപിയിൽനിന്നും പുറത്താക്കുകയും എംഎൽഎ സ്ഥാനം നഷ്ടമാകുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 2017ൽ കുൽദീപ് ജയിലിലായി. ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. പിന്നീട് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകത്തിലും പങ്കുണ്ടെന്നു െതളിഞ്ഞതിനെത്തുടർന്ന് പത്ത് വർഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു.
ഉത്തർപ്രദേശിലെ അഞ്ച് ജില്ലാ പഞ്ചായത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 15 മുതലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.











































