ചരിത്രത്തിലാദ്യമായി 25,000 നാളീകേരത്തിന്റെ നെയ്യഭിഷേകത്തിനൊരുങ്ങി ശബരിമല

പത്തനംതിട്ട: ചരിത്രത്തിലാദ്യമായി ഇരുപതിനായിരത്തോളം നാളീകേരത്തിന്റെ നെയ്യഭിഷേകത്തിനൊരുങ്ങി ശബരിമല. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നെയ്യഭിഷേകം നടക്കുക. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരണ്‍ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നേര്‍ന്നത്. പതിനെട്ടായിരത്തി ഒന്ന് നെയ്‌തേങ്ങയുടെ അഭിഷേകമാണ് നേര്‍ച്ച. എന്നാല്‍ ഇരുപതിനായിരത്തോളം നാളീകേരം അഭിഷേകത്തിനായി തയ്യാറാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിനായി 18 ലക്ഷം രൂപയും ദേവസ്വത്തിലേക്ക് അടച്ചു.

2280 കിലോ നെയ്യും 7.5 ടണ്‍ നാളീകരവുമാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. പത്ത് ശാന്തിക്കാര്‍ രാപ്പകല്‍ ഇരുന്ന് നിറച്ച നെയ്‌തേങ്ങകള്‍ ചൊവ്വാഴ്ച്ചയോടെ ശ്രീലകത്തിന് സമീപത്തുളള നടയില്‍ എത്തിച്ചു. സുഹൃത്തും കിളിമാനൂര്‍ സ്വദേശിയുമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യ നെയ്‌തേങ്ങ ഉടച്ചു നെയ്യഭിഷേകത്തിനുളള ഒരുക്കത്തിന് തുടക്കമിട്ടു.വഴിപാടുകാരനായ വ്യവസായിയുടെ സുഹൃത്തുക്കളും അവരുടെ ബന്ധുക്കളും അടങ്ങിയ സംഘം ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സന്നിധാനത്ത് എത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ് അകമഴിഞ്ഞ സഹകരണമാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. ആദ്യമായാണ് ഒരു ഭക്തന്‍ ഇത്രയും അളവില്‍ നാളീകേരം നെയ് നിറച്ച് അയ്യപ്പന് അഭിഷേകം ചെയ്യുന്നതെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. ഡിസംബര്‍ 31 നാണ് നെയ് തേങ്ങ നിറക്കല്‍ ചടങ്ങുകള്‍ പമ്പയില്‍ തുടങ്ങിയത്.