വേൾഡ് മലയാളി കൗൺസിലിന് പുതിയ ഭാരവാഹികൾ

ലോകമെമ്പാടുമുള്ള ആറു ഭൂഖണ്ടങ്ങളിൽ 55 പ്രവിശ്യകളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്ത നൂറു ശതമാനം പോളിംഗോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയർമാനായി ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രെഷറർ ഷാജി മാത്യു. ഭാരവാഹികൾ ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന മൂന്നു ദിവസം നീണ്ട പതിമൂന്നാമത് ദ്വിവത്സര സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.

1995 ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം കുറിച്ച വേൾഡ് മലയാളി കൗൺസിലിന് ഇക്കുറി സ്വന്തം തട്ടകത്തിൽ നിന്നും പ്രസിഡന്റിനെ ലഭിച്ചത് ശ്രദ്ധേയമായി. ഡൽഹി അശോക ഹോട്ടലിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി. വിജയൻ, പോൾ പറപ്പള്ളി, ദിനേശ് നായർ, ജെയിംസ് കൂടൽ എന്നിവർ കൂടി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത് . തുടർന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഔദ്യോഗിക വസതിയിൽ പ്രതിനിധി സമ്മേളനം ചേർന്നു. 55 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത .പ്രതിനിധി സമ്മേളനം ടെക്‌സസിലെ മസൂറി സിറ്റി മേയറും മലയാളിയുമായ റോബിൻ ജെ. ഏലക്കാട്ട് ഉദ്ഘാടനം ചെയ്തു.മോൻസ് ജോസഫ് എംഎൽഎ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി വിജയൻ, ഉപദേശകൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ജനറൽ സെക്രട്ടറി പോൾ പറപ്പള്ളി, ജയിംസ് കൂടൽ, ഡോ. എ.വി അനൂപ്, ബേബി മാത്യു സോമതീരം, ഇന്ത്യ റീജൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു . മോൻസ് ജോസഫ് എംഎൽഎ, മനുഷ്യാവകാശ കമ്മിഷൻ‍ ഡിജിപി ടോമിൻ ജെ.തച്ചങ്കരി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

ശനിയാഴ്ച്ച രാവിലെ ലഹരിക്കെതിരെ സംഘടിപ്പിച്ച വോക്കത്തൺ സിആർപിഎഫ് കമൻഡാന്റ് സുരേന്ദ്ര കുമാർ മെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലേറെ പ്രതിനിധികളും സിആർപിഎഫ് ജവാൻമാരും വോക്കത്തണിൽ പങ്കാളികളായി.ഗ്ലോബൽ ലീഡേഴ്സിനെ കൂടാതെ വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഡൽഹി പ്രോവിൻസ് പ്രസിഡന്റ് ജോർജ് കുരുവിള, വൈസ് ചെയർമാൻ മാനുവൽ മെഴുകനാൽ, ജനറൽ സെക്രട്ടറി സജി തോമസ്, ഇന്ത്യ റീജൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ് എന്നിവർ നേതൃത്വം നൽകി . ഗ്ലോബൽ കോൺഫറൻസിന്റെ സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 9 ന് ‘സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തിൽ സിപിഐ നേതാവ് ആനി രാജ പ്രഭാഷണം നടത്തി. ആരോഗ്യ സെമിനാറിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് ഈപ്പൻ (കലിഫോർണിയ), ഡോ. രാജേശ്വരി നാരായണൻകുട്ടി (ഒമാൻ) എന്നിവർ പങ്കെടുത്തു . തുടർന്നു നടന്ന ഓപ്പൺ ഫോറത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പ്രവാസികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ചർച്ച നടന്നു . വൈകിട്ട് ‘ദേശത്തിനു വേണ്ടി പാടാം, ലഹരിക്കെതിരെ’ എന്ന സന്ദേശവുമായി സംഗീത വിരുന്നും ഒരുക്കിയിരുന്നു.