നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ രണ്ട് താരങ്ങള്‍: തിരക്കഥ പൊളിച്ചെഴുതിയത് പി.ടി തോമസിന്റെ ഇടപെടല്‍

അന്വേഷണം പള്‍സര്‍ സുനിയില്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം

സി.പി.എം നേതാവിന്റെ മക്കളുടെ സിനിമാ ബന്ധവും അന്വേഷണത്തിന് വിലങ്ങ്തടിയാകുന്നു

 

മലയാളത്തിലെ പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയത് ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച്. എന്നാല്‍ തിരക്കഥയില്‍ ട്വിസ്റ്റുണ്ടാക്കി സംഭവം വിവാദമാക്കിയതും പുറത്തറിയിച്ചതും പി.ടി തോമസ് എം.എല്‍.എയുടെ അപ്രതീക്ഷിതമായ കടന്നുവരവ്.

നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടി പോയി ദേഹോപദ്രവം ഏല്‍പ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തശേഷമാണ് നിര്‍മ്മാതാവും സംവിധായകനും നടനുമായ ലാലിന്റെ വസതിയിലെത്തിച്ചത്. സി.പി.എമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന നടനും ജനപ്രിയനായകനുമായിരുന്നു കിഡ്‌നാപ്പിംഗ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

സി.പി.എമ്മുകാരനായ താരത്തില്‍നിന്ന് നടിയും സഹോദരനും 75 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെയായി മലയാള സിനിമയില്‍ അവസരങ്ങള്‍ തീരെ കുറഞ്ഞ നടി പണം മടക്കി നല്‍കാന്‍ തയാറായില്ല. കന്നഡയിലെ പ്രമുഖ നിര്‍മ്മാതാവുമായി വിവാഹം ഉറപ്പിച്ച സാഹചര്യത്തില്‍ പണം മടക്കിക്കിട്ടാനിടയില്ലെന്ന് സി.പി.എം നേതാവായ താരത്തിന് ഏറെക്കുറെ ഉറപ്പായി. ഇതേത്തുടര്‍ന്ന് നടിയുമായി റിയല്‍ എസ്റ്റേറ്റ് തര്‍ക്കവും മുന്‍ വൈരാഗ്യവുമുള്ള ജനപ്രിയനടന്റെ സഹായം തേടുകയായിരുന്നു.

താരങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പള്‍സര്‍ സുനിയും സംഘവും ക്വട്ടേഷന്‍ ഏറ്റെടുത്തത്. നടിയുടെ മുന്‍കാല ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നടി ഡ്രൈവറെ മാറ്റണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മാക്ടയില്‍ അംഗമല്ലാത്ത മാര്‍ട്ടിന്‍ ഡ്രൈവറായെത്തുന്നത്. എന്നാല്‍ മാര്‍ട്ടിന്‍ പള്‍സര്‍ സുനിയുടെ സംഘാംഗമാണെന്ന് നടിക്ക് അറിയില്ലായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകല്‍ എളുപ്പമാക്കിയതും.

നടിയെ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തുകയും പീഡനത്തിനൊടുവില്‍ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത ശേഷം ഡ്രൈവര്‍ മാര്‍ട്ടിനൊപ്പം നടിയെ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഇതൊക്കെ മുന്‍കൂട്ടി പ്ലാന്‍ചെയ്ത തിക്കഥയായിരുന്നെന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങള്‍ പുറത്ത് പറയില്ലെന്നും പിന്നണിയില്‍ പ്രവര്‍ത്തിച്ച താരങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പണം മടക്കി വാങ്ങുന്നതിന് നടിയുമായി നിയമപരമായി കരാര്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നടിയെ സംവിധായകന്റെ വീട്ടിലെത്തിച്ചത്. അവിടെവച്ച് പണം മടക്കി വാങ്ങുകയോ പണം കൈപ്പറ്റിയതിന് രേഖ ഉണ്ടാക്കുകയോ ആയിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാതെ ആന്റോ ജോസഫ് തന്റെ അയല്‍വാസിയായ പി.ടി തോമസ് എം.എല്‍.എയേയും ഒപ്പംകൂട്ടി.

ലാലിന്റെ വീട്ടില്‍ പി.ടി തോമസും ആന്റോയും എത്തുമ്പോള്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹത തോന്നിയ പി.ടി തോമസ് മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെയാണ് പള്‍സര്‍ സുനിയാണ് ആക്രമണത്തിന് പിന്നിലെന്നും തനിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും മാര്‍ട്ടിന്‍ കുറ്റസമ്മതം നടത്തിയത്. ഇതോടെ പി.ടി തോമസ് ഐ.ജിയെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇതിനിടെ ആന്റോ ജോസഫ് പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ചു. സംഭവം പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പള്‍സര്‍ മുങ്ങുകയായിരുന്നു.

പി.ടി തോമസ് അപ്രതീക്ഷിതമായി സ്ഥലത്തെത്തിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ നടപ്പാക്കുന്നതിന് തിരിച്ചടിയായി. ഇതോടെ സംഭവം കാട്ടുതീപോലെ പടര്‍ന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അതേസമയം ലാല്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ക്കും പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ താരങ്ങള്‍ തയാറാക്കി അവതരിപ്പിച്ച തട്ടിക്കൊണ്ടു പോകല്‍ തിരക്കഥയെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ ചലച്ചിത്രമേഖലയിലെ ഉന്നതര്‍ ഇടപെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും പള്‍സറിനെ കേന്ദ്രീകരിച്ച് കേസ് ഒതുക്കിതീര്‍ക്കാനാണ് ഉന്നതതലത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഉന്നത സി.പി.എം നേതാവിന്റെ മക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ അന്വേഷണം ഉദ്ദേശിച്ചഫലം ചെയ്യുമോയെന്ന സംശയത്തിലാണ് നടിമാര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രലോകം.