തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം സ്ത്രീകള്‍ പുറത്ത് പറയാറില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമത്തിനിരയാകുന്ന സ്ത്രീകളില്‍ 78 ശതമാനവും സംഭവം പുറത്തു പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി, ബങ്കളുരു, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന 6074 സ്ത്രീകള്‍ക്കിടയില്‍ ഇന്ത്യന്‍ നാഷണല്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാനഹാനി, സമൂഹത്തിലെ സ്ഥാനം, കുടുംബം, ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം എന്നിവയാണ് സ്ത്രീകളെ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. വിദ്യാഭ്യാസ രംഗത്താണ് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിനോദ, മാധ്യമ, ഐ.ടി രംഗങ്ങളിലും സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. സ്ത്രീകള്‍ക്കായി പരാതി പരിഹാര സമിതികള്‍ രൂപീകരിക്കുന്തില്‍ മിക്ക മാധ്യമ-ഐ.ടി സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ പൊതു സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് നിയമം. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഒട്ടും തൃപ്തനല്ലെന്നാണ് 63 ശതമാനം സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നത്. ഓഫീസ് പരിസരത്തു വച്ചുള്ളതിനേക്കാള്‍ അതിക്രമങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലാണ് നടക്കുന്നതെന്നും കണക്കുകളിലുണ്ട്. 2015-ല്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് 714 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീള്‍ക്കെതിരായ അതിക്രമങ്ങളില്‍ 63 ശതമാനവും നടക്കുന്ന രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണെന്നതും ശ്രദ്ധേയമാണ്.