സ്‌കൂള്‍ വാഹനങ്ങളില്‍ പെണ്‍കുട്ടികളെ ഒറ്റക്കാക്കരുത്; ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ചൂഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓട്ടോറിക്ഷ, വാന്‍, കാര്‍ മുതലായ സ്വകാര്യ വാഹനങ്ങളില്‍ സ് കൂളുകളില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഒരു സ്‌കൂള്‍ വാഹനത്തിലും പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റയ് ക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അത്തരം വാഹനങ്ങളില്‍ വനിതകളുടെ സാനിധ്യം ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് നല്‍കണം.

സ്‌കൂളുകളില്‍ നിന്ന് മടങ്ങുന്ന വേളയില്‍ നഴ്‌സറി വിദ്യാര്‍ഥികളെ മറ്റു കുട്ടികള്‍ വരുന്നതിന് മുന്‍പ് ഒരു കാരണവശാലും വാഹനത്തിനുള്ളില്‍ കാത്തിരിക്കാന്‍ അനുവദിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സ് കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കണം. പെണ്‍കുട്ടികള്‍ മാത്രം യാത്രചെയ്യുന്ന വാഹനങ്ങളില്‍ ഹെല്‍പ്പറായി വനിതകളെ തന്നെ നിയമിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണം.

ഓട്ടോയില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വ്യക്തമാക്കിക്കൊണ്ടും കൊച്ചു കുട്ടികള്‍ യാത്രചെയ്യുന്ന ഓട്ടോകള്‍ക്ക് കതക് നിര്‍ബന്ധമാക്കിക്കൊണ്ടും ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണം. കൂടാതെ കുട്ടികളെ ഡ്രൈവര്‍മാരുടെ കൂടെ ഇരുത്തുന്നതും വിലക്കണം. സ് കൂളുകള്‍ക്കായി മാത്രം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം (ജിപിഎസ്) നിര്‍ബന്ധമായും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോടും ഗതാഗത കമ്മീഷണറോടും ആവശ്യപ്പെട്ടു.

സ് കൂള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നെയിം ബോര്‍ഡും യൂനിഫോമും നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കണമെന്നും ഈ അധ്യയന വര്‍ഷത്തിനു മുന്‍പ് തന്നെ തീരുമാനം എടുത്ത് നിര്‍ദ്ദേശം പുറപ്പെടുവിക്കണ മെന്നും ഗതാഗത കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ കുട്ടികളുടെ യാത്രാസംവിധാനങ്ങള്‍ തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കാന്‍ കമ്മീഷന്‍ നേരത്തെ ശിപാര്‍ശ നല്‍കിയിരുന്നു. ഈ രജിസ്റ്ററില്‍ വാഹനത്തിന്റെ നമ്പരും, ഡ്രൈവറുടെ പേരും, ലൈസന്‍സ് നമ്പറും കൂടി ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സ്വീകരിക്കണം.

ഈ വിവരങ്ങളില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അക്കാര്യം അധികൃതരെ അറിയിക്കുന്നതിന് രക്ഷകര്‍ത്താക്കളെ ചുമതലപ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എതിര്‍കക്ഷികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കുട്ടികളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ലെന്നും കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളിലെ  ഡ്രൈവറുടെയും ജീവനക്കാരുടെയും പശ്ചാത്തലം പരിശോധിക്കേണ്ടത് മാതാപിതാക്കളുടെയും സ് കൂളിന്റെയും കൂടി കര്‍ത്തവ്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.