EXCLUSIVE: കൊലയാളി മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ പൊതുജന കൂട്ടായ്മ

നിയാസ് കരീം, ദി വൈഫൈ റിപ്പോര്‍ട്ടര്‍

യാദൃശ്ചികമായ പ്രകോപനത്താലാണ് നിഷാം കൊലനടത്തിയതെന്ന് നോട്ടീസ് അച്ചടിച്ച് പ്രചാരണം

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ ശതകോടീശ്വരന്‍ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ പൊതുജനകൂട്ടായ്മയുമായി ഒരു സംഘം രംഗത്ത്. ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനംകയറ്റിയും ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചും കൊന്ന കേസില്‍ ജീവപര്യന്തവും 24 വര്‍ഷം അധിക തടവും ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് മുഹമ്മദ് നിഷാം ഇപ്പോള്‍.

nisham

നിഷാമിനെപ്പോലെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ച വ്യക്തിയാണ് മുഹമ്മദ് നിഷാം. ഇത്തരമൊരു വ്യക്തിക്കുവേണ്ടിയാണ് ഒരുസംഘം നോട്ടീസ് അച്ചടിച്ച് പൊതുയോഗം വിളിച്ചിരിക്കുന്നത്.
2017 ജൂണ്‍ ഒന്നിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസിലാണ് യോഗം നടക്കുന്നത്.

നാട്ടുകാരനും പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്‌നേഹിയും കായിക സംരംഭ പ്രവര്‍ത്തകനും എന്നൊക്കെയാണ് കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന മുഹമ്മദ് നിഷാമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യാദൃശ്ചികമായി പ്രകോപനങ്ങളില്‍ ഉരുത്തിരിഞ്ഞ നിര്‍ഭാഗ്യകരമായ സംഭവം എന്നാണ് ക്രൂരമായ കൊലപാതകത്തെ നോട്ടീസില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കിയെന്ന കാരണം പറഞ്ഞ് മുഹമ്മദ് നിഷാമിനെ വെള്ളപൂഷാനുള്ള ശ്രമമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. സംഘാടകര്‍ ആരെന്ന് വ്യക്തമാക്കാതെയാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

chandrabose_1

ജയിലില്‍ കഴിയുമ്പോള്‍ പോലും സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ വ്യക്തിയാണ് നിഷാം. ഇതുസംബന്ധിച്ച് ഇയാളുടെ സോഹദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. കേസിനായി ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന ബസില്‍ നിഷാമിന്റെ ഓഫീസ് ജീവനക്കാരും സുഹൃത്തുക്കളും യാത്ര ചെയ്യാറുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

notice-muhammad-nisham

2015 ജനുവരി 29നാണ് പുലര്‍ച്ചെ 3.15 ന് ശോഭസിറ്റിയിലെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാറിന് കടന്നുപോകാന്‍ ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം മര്‍ദ്ദിച്ചും വാഹനം കയറ്റിയും കൊലപ്പെടുത്തിയത്. ജീവനുവേണ്ടി ഓടിയ ചന്ദ്രബോസിനെ ഹമ്മറില്‍ പിന്തുടര്‍ന്ന ഇടിച്ചുവീഴ്ത്തി പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി നിലത്തിട്ട് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന നടന്ന അന്വേഷണങ്ങളില്‍ ഇയാളുടെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്നത്തെ തൃശൂര്‍ സിറ്റി പോലീസ് മേധാവിയായിരുന്ന ജേക്കബ് ജോബുമായി നിഷാം രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. താനൊരു മനോരോഗിയാണെന്നായിരുന്നു കേസില്‍ രക്ഷപ്പെടാന്‍ നിഷാം കോടതിയില്‍ പറഞ്ഞത്.