കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസ് മേധാവിയായി ചുമതലയേറ്റ ടിപി സെന്കുമാരും ആദ്യമായി ഒരേ വേദിയില്‍ ഒന്നിച്ചെത്തി. വയനാട് ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലാണ് ഇരുവരും ഒന്നിച്ചത്.
സംസ്ഥാന പോലിസ് മേധാവിയായി തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇരുവരും ഒരു വേദി പങ്കിടുന്നത് പൊലീസ് ആസ്ഥാന ഉദ്ഘാടന ചടങ്ങിന്റെ സ്വാഗത പ്രാസംഗികനായാണ് ടിപി സെന്‍കുമാര്‍ വന്നത്. മുഖ്യമന്ത്രിയെ കുറിച്ചും കേരളാ സര്‍ക്കാറിനെ കുറിച്ചും നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളു.
രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ പൊലീസ് സുരക്ഷയുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നീതിയുക്തമായും നിയമപരമായും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നയം. ഇതില്‍ നിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരോട് മൃദു സമീപനമുണ്ടാവില്ല, ജനപക്ഷത്ത് നില്ക്കുന്ന പൊലീസ് ആവണം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സേന നവീകരിക്കപ്പെടണമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തരാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.