നോട്ടില്‍ വെട്ടിലായി ചിട്ടികളും

കണ്ണൂര്‍: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു സംസ്ഥാനത്ത് ചിട്ടികളും സമ്മാന പദ്ധതികളും നിലച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും രജിസ്ട്രേഡ് കമ്പനികള്‍ നടത്തുന്നതുമൊഴികെയുള്ളവ അനധികൃതമാണെങ്കിലും സമ്പദ് ഘടനയില്‍ വലിയ സ്വാധീനം ചെലുത്തിയ ചിട്ടികള്‍ നിലച്ചതു വലിയ പ്രതിസന്ധി സൃഷ്ടിക്കും. ചിട്ടി നടത്തിപ്പുകാരും ഇടപാടുകാരും ഒരേപോലെ പ്രതിസന്ധിയെ നേരിടുകയാണ്.
സംസ്ഥാനത്തെ നഗര-ഗ്രാമ ഭേദമെന്യേ ജനകീയ കൂട്ടായ്മകളും ക്ലബുകള്‍, ആരാധനാലയങ്ങള്‍ അടക്കമുള്ളവയും നടത്തിയിരുന്ന ചിട്ടികളാണു നോട്ട് ക്ഷാമത്തെ തുടര്‍ന്നു നിലച്ചത്. സലയായി (മതിപ്പുവില) 500 മുതല്‍ 10,000 രൂപ വരെ തവണയായി ഈടാക്കിയാണു ചിട്ടി നടത്തിയിരുന്നത്. സ്ത്രീ കൂട്ടായ്മയില്‍ കുടുംബശ്രീ, ജനശ്രീ എന്നിവ മുന്‍കൈയെടുത്ത് നടത്തുന്ന ചിട്ടികളും പ്രതിസന്ധിയിലാണ്. നോട്ടുകള്‍ അസാധുവായതോടെ സലയടക്കാന്‍ ഇടപാടുകാരുടെ കൈയില്‍ പണമില്ലാത്തതിനാല്‍ മിക്ക ചിട്ടികളും നറുക്കെടുപ്പ് പോലും നടത്താതെ നിര്‍ത്തിവച്ചു. സലയായുള്ള പണം ലഭിച്ചാല്‍ തന്നെ ചിട്ടി നടത്താന്‍ കഴിയാത്ത അവസ്ഥയിലാണു നടത്തിപ്പുകാര്‍. പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഉറവിടം വെളിപ്പെടുത്തേണ്ടതിനാല്‍ ചിട്ടി വിളിച്ചെടുക്കുന്നതിനും തടസമാണ്.
കാലാവധി തീരുംമുന്‍പ് നറുക്കെടുപ്പിലൂടെ ചിട്ടി ലഭിച്ചവര്‍ക്കു പണം ആദ്യംനല്‍കിയതും നടത്തിപ്പുകാരില്‍ പ്രതിസന്ധി സൃഷ്ടിച്ചു. അനധികൃതമാണെങ്കിലും ചിട്ടികള്‍ക്കു സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണു ലഭിച്ചിരുന്നത്. ബാങ്ക് വായ്പ ലഭിക്കാനുള്ള നൂലാമാലകളും ഈടൊന്നുമില്ലാതെ ചിട്ടി തുക ലഭിക്കുന്നതുമാണ് ഇത്തരം ചിട്ടികളെ ജനപ്രിയമാക്കിയത്.
ചിട്ടി നറുക്കെടുപ്പുകള്‍ മാറ്റിവച്ചാണു സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.എഫ്.ഇ നോട്ട് പ്രതിസന്ധിയെ നേരിട്ടത്. പുതിയ നോട്ടുകളും ചെക്കുകളുമാണു തവണ സംഖ്യയായി കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ വന്‍കിട ചിട്ടി കമ്പനികള്‍ നറുക്കെടുപ്പൊന്നും മാറ്റിയിട്ടില്ല. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ തവണ സംഖ്യകളുടെ തിരിച്ചടവില്‍ വന്‍ കുറവുണ്ടായതായി സ്വകാര്യ ചിട്ടിക്കമ്പനി അധികൃതര്‍ വ്യക്തമാക്കി.