കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ മന്ത്രിപുത്രന് ശമ്പളം രണ്ടുലക്ഷം രൂപ; വിവാദം പുകയുന്നു

കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി കെ കെ ശൈലജയുടെ മകന് ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി വിവാദത്തില്‍. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. പാര്‍ട്ടി ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎം നേതാവ് അംഗമായ എച്ച്ആര്‍ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരം ശമ്പള വര്‍ദ്ധന നടത്തിയത്. ഏപ്രിലില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡാണ് ശമ്പള വര്‍ദ്ധനക്ക് അംഗീകാരം നല്‍കിയത്. 2016 സെപ്്തംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും. ഇതനുസരിച്ച് ഏഴു മാസത്തെ ശമ്പളകുടിശ്ശിക ഒരുമിച്ച് നല്‍കാനും കിയാല്‍ തീരുമാനിച്ചതായാണ് വിവരം.

നൂറുകണക്കിന് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് തൊഴിലാളികളും ജോലി ചെയ്യുന്ന വിമാനത്താവള പദ്ധതിയില്‍ പാര്‍ട്ടി നേതാക്കളുടെ മകനും ഉന്നതന്റെ ബന്ധുവിനും മാത്രം സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നല്‍കിയതാണ് വാര്‍ത്ത പുറംലോകം അറിയാന്‍ കാരണമായത്. മറ്റുള്ളവര്‍ വര്‍ഷങ്ങളായി തുച്ഛമായ വേതനത്തിന് ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അവരെ അവഗണിച്ച് വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച കമ്പനിക്കെതിരെ ഇവര്‍ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉടന്‍ നടപടി കൈക്കൊള്ളാത്തപക്ഷം കോടതിയെ സമീപിക്കാനാണ് അവഗണന നേരിടുന്ന ജീവനക്കാരുടെ തീരുമാനം. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് കുറഞ്ഞത് മൂന്നു വര്‍ഷം വേണമെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് മന്ത്രി പുത്രന് ഒരു വര്‍ഷം കൊണ്ട് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും നല്‍കിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ മകനെ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഐടി) എന്ന തസ്തികയില്‍ നിന്ന് ജൂനിയര്‍ പ്രൊജക്ട് എഞ്ചിനിയറാക്കി സ്ഥാനക്കയറ്റം നല്‍കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയത്. വിമാനത്താവളത്തിന് സ്ഥലം നല്‍കിയ നൂറുകണക്കിന് ആളുകള്‍ക്ക് കൂലിപ്പണി പോലും നല്‍കാതെ സിപിഎം നേതാക്കളുടെ മകന് ജോലി നല്‍കിയത് മട്ടന്നൂരിലെ പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

സിപിഎമ്മിന് സ്വാധീനമുള്ള വിമാനത്താവള പ്രദേശത്ത് ഭൂമി നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച അതേ നേതാവ് തന്നെ തങ്ങളറിയാതെ മകന് വിമാനത്താവള കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത് അച്ചടക്കത്തിന്റെ വാള്‍മുനനീട്ടി ഭീഷണിപ്പെടുത്തിയും ഭാവിയില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് മോഹിപ്പിച്ചുമാണ് പാര്‍ട്ടി ഒതുക്കിത്തീര്‍ത്തത്.

പികെ ശ്രീമതി ടീ്ച്ചറുടെ മകന്‍ പികെ സുധീറിനെ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ ശ്രമിക്കുകയും ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജറായി നിമയിക്കുകയും ചെയ്തതിന് ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന പുതിയ സാഹചര്യത്തില്‍ സിപിഎം നേതാക്കളായ ദമ്പതികളുടെ മകന്റെ നിയമനവും സ്ഥാനക്കയറ്റവും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നാണ് കരുതപ്പെടുന്നത്. ആസന്നമായ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും.