പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തുന്നു

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി ടെര്‍മിനലുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി 21ന് യോഗം വിളിക്കുമെന്ന് ഉറപ്പു നല്‍കിയതായി പ്രൊഫ. കെ.വി. തോമസ് എം.പി അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 21ന് യോഗം വിളിക്കാമെന്ന് അദ്ദേഹം അറിയിച്ചത്.

ഹരിത ട്രിബ്യൂണലിന്റെ അന്തിമവിധി മാനിച്ചും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാകുന്ന ധാരണയ്ക്ക് അനുസൃതമായും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അന്തരീക്ഷം ഉണ്ടാകുന്നത് വരെ ഇപ്പോള്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുവൈപ്പ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട ശേഷവും സമരക്കാര്‍ക്കെതിരെ പൊലീസ് ക്രൂരമായി അതിക്രമം കാട്ടുകയായിരുന്നു.

പൊലീസിന്റെ ശക്തി ഉപയോഗിച്ച് ജനകീയസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ സംശയങ്ങള്‍ പരിഹരിച്ചാകണം വികസനപദ്ധതികള്‍ നടപ്പാക്കേണ്ടതെന്നും പ്രൊഫ. കെ.വി തോമസ് എംപി പറഞ്ഞു. പ്ലാന്റിന്റെ നിര്‍മാണ ്പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഐഒസി അധികൃതര്‍ അറിയിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു.