ചോറ്റാനിക്കരയിലെ സ്വര്‍ണലോക്കറ്റ് വില്പന: ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി

കൊച്ചി: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ രണ്ടു ദിവസംകൊണ്ടു 30 ലക്ഷം രൂപയുടെ സ്വര്‍ണലോക്കറ്റുകള്‍ വിറ്റഴിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. വില്പനയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്കു നേരിട്ടു കത്ത് കൈമാറിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കകം വിവരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അഞ്ച് ഗ്രാം, 10 ഗ്രാം തൂക്കമുള്ള 90 ലോക്കറ്റുകളാണു കഴിഞ്ഞ ഒമ്പത്, പത്ത് തീയതികളില്‍ വിറ്റഴിച്ചത്. സാധാരണ നിലയില്‍ ലോക്കറ്റുകള്‍ വിറ്റ് ഒരുവര്‍ഷംകൊണ്ടു ലഭിക്കേണ്ട തുകയാണു രണ്ടു ദിവസത്തെ മാത്രം ലോക്കറ്റ് വില്പനയിലൂടെ കിട്ടിയതെന്നും അസാധുവാക്കിയ നോട്ടുകളാണ് ഇതിനായി കൈമാറ്റം ചെയ്യപ്പെട്ടതെന്നും ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ വിജിലന്‍സിനു വിവരം നല്‍കിയിരുന്നു.
ലോക്കറ്റ് വാങ്ങിയവരുടെ പേരുകളും രണ്ടു ദിവസംകൊണ്ടു ലഭിച്ച പണത്തിന്റെ വിവരങ്ങളും ക്ഷേത്രം മാനേജരെയും ഭാരവാഹികളെയും വിളിച്ചുവരുത്തി ശേഖരിച്ച വിജിലന്‍സ് അധികൃതര്‍ ആദായനികുതി വകുപ്പിനെ സംഭവം അറിയിക്കുകയായിരുന്നു. ലേക്കറ്റ് വില്പനയ്ക്കായി ക്ഷേത്രം അധികൃതരുടെ ഭാഗത്തുനിന്നു വഴിവിട്ട നടപടികള്‍ ഉണ്ടായോ എന്നറിയുന്നതിന് ഇടപാടുകളുടെ ബില്ലിംഗ് സംബന്ധിച്ച കംപ്യൂട്ടര്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
അതേസമയം തുടര്‍നടപടികള്‍ വിഷമകരമായിരിക്കും എന്നാണ് ആദായനികുതി അധികൃതര്‍ നല്‍കുന്ന സൂചന.
ലോക്കറ്റുകള്‍ വാങ്ങിയവരുടെ മേല്‍വിലാസം അടക്കമുള്ള വിശദാംശങ്ങള്‍ വ്യക്തമായി ലഭിച്ചാല്‍ മാത്രമേ ആരെങ്കിലും കൂടുതല്‍ എണ്ണം വാങ്ങിയിട്ടുണ്ടോയെന്നും മറ്റും കണ്ടെത്താന്‍ കഴിയുകയുള്ളൂ. സാധാരണഗതിയില്‍, ക്ഷേത്രം അധികൃതര്‍ ലോക്കറ്റുകള്‍ വാങ്ങുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവയ്ക്കണമെന്നില്ല. അതു ചെയ്യാത്തതിന്റെപേരില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും പ്രയാസകരമായിരിക്കുമെന്നു പറയുന്നു.
സംഭവത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോറ്റാനിക്കരയിലെ ഉദ്യോഗസ്ഥരെ തൃശൂരിലെ ദേവസ്വം ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.