മഴയിലും സജീവമായി മെഡിക്കല്‍ കോളേജിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജിലും വിപുലമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പൊതു പ്രവര്‍ത്തകര്‍, നഗരസഭാ ജീവനക്കാര്‍, മെഡിക്കല്‍ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ എന്നിവര്‍ മഴയിലും സജീവമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആനത്തലവട്ടം ആനന്ദന്‍ നിര്‍വഹിച്ചു. ആനാവൂര്‍ നാഗപ്പന്‍, കൗണ്‍സിലര്‍ എസ്.എസ്.സിന്ധു, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ആശുപത്രി വികസന സമിതിയംഗം ഡി.ആര്‍. അനില്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കല്‍ കോളേജില്‍ മെഗാ ക്ലീനിംഗ് കാമ്പയിന്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഈ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.