ബംഗളൂരുവിലെ പബ്ബുകളും മദ്യശാലകളും പൂട്ടാന്‍ നിര്‍ദ്ദേശം

സംസ്ഥാന പാതകളുടെ പദവി മാറ്റുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്താകാതെ വന്നതോടെ ബംഗലൂരുവിന് ഉള്ളിലൂടെ കടന്നുപോകുന്ന ഹൈവേകള്‍ക്ക് സമീപത്തെ മദ്യശാലകളും പബുകളും ജൂലൈ ഒന്നിന് മുന്‍പ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

എന്നാല്‍ ആറ് ഹൈവേകള്‍ കടന്നുപോകുന്ന നഗരത്തില്‍ എവിടേക്ക് ഈ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനാകും എന്ന ചോദ്യമാണ് ബംഗലൂരുവിലെ ബാറുടമകള്‍ ഉന്നയിക്കുന്നത്.  ആറ് ഹൈവേകളെ ദേശീയ, സംസ്ഥാന പാത പദവിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഒരു അവസാന വട്ട ശ്രമത്തിനായും കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ഒരു സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് അയച്ചു.

ഹൈവേയില്‍ നിന്നും 500 കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാതിരിക്കാനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് കര്‍ണാടക നിയമമന്ത്രിയും പറഞ്ഞിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാരിന്റെ വരുമാനത്തില്‍ 11 ശതമാനവും ബിയര്‍ വില്‍പ്പനയില്‍ നിന്നാണ് വരുന്നത്. മദ്യശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലൂടെ 500-600 കോടി രൂപയാണ് കര്‍ണാടക സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരുന്നത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതോടെ 50 മുതല്‍ നൂറ് കോടി രൂപയുടെ കുറവാണ് ലൈസന്‍സ് നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്ത് നിന്നും മാറ്റി ഈ മദ്യശാലകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ലൈസന്‍സ് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പബുകള്‍ക്ക് പൂട്ടുവീഴുന്നതോടെ ബംഗലൂരുവിലെ പാര്‍ട്ടികള്‍ വീടുകളിലേക്കും, ദേശീയ പാതകള്‍ക്ക് ദൂരെയുള്ള മദ്യശാലകളിലേക്കും നീങ്ങും.