നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്

പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചെന്നു സൂചന. വാഹനത്തിനുള്ളിലെ ഇരുട്ടിലാണു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍, ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഉറപ്പാക്കിയിട്ടില്ല. രണ്ടരമിനിറ്റോളം നീളുന്ന ദൃശ്യമാണു പോലീസിന്റെ പക്കലുള്ളതെന്നാണ് വിവരം. തേങ്ങലിന്റെ അവ്യക്തമായ ശബ്ദങ്ങളും ദൃശ്യത്തിലുണ്ട്. അതേസമയം ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സംവിധായകന്‍ നാദിര്‍ഷായെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്തില്ല എന്നുചോദിച്ച് പോലീസ് ഉന്നതതലയോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊട്ടിത്തെറിച്ചു.

കേസില്‍ ഇടപെടുന്നത് എ.ഡി.ജി.പിയല്ല ഏത് ഉന്നതനായാലും പ്രതിയാക്കാനും ഡി.ജി.പി. കര്‍ശന നിര്‍ദേശവും നല്‍കി. പള്‍സര്‍ സുനി സംവിധായകന്‍ നാദിര്‍ഷായെ നിരന്തരം വിളിച്ചതിനു തെളിവു ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ നടന്‍ ദിലീപിന് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തിയത്. നാദിര്‍ഷായെ സഹായിച്ചുവെന്ന് കരുതുന്ന റിട്ട. എസ്.പി പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ ആസൂത്രിതമായി പകര്‍ത്തിയതാണ് എന്നു വ്യക്തമാക്കുന്നതാണു കണ്ടെത്തിയ ദൃശ്യങ്ങളെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഉപദ്രവിക്കുന്ന ആളിന്റെ ചോദ്യങ്ങളിലൂടെയും സംഭാഷണ ശകലങ്ങളിലൂടെയുമാണ് സംഭവം ആസൂത്രിമെന്ന നിഗമനത്തിലെത്തിയത്. കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തിയതോടെ അന്വേഷണം വിലയിരുത്താന്‍ ഐ.ജി. ദിനേന്ദ്ര കശ്യപ് കൊച്ചിയ്ക്കു തിരിച്ചു.

നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പുഴയിലെറിഞ്ഞുവെന്നും മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പിച്ചുവെന്നുമൊക്കെയായിരുന്നു പോലീസ് ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സഹപ്രതി വഴി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്ര വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചുവെന്ന് മാറ്റിപ്പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ തിരച്ചില്‍ നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്തിയതായി പോലീസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ നടിയെ അപമാനിക്കുന്നതിന്റെതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തു നടന്ന ഉന്നതതലയോഗത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തോട് സംവിധായകനും നടന്‍ ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ സഹകരിക്കുന്നില്ലെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ അറിയിച്ചപ്പോളാണു ഡി.ജി.പി പൊട്ടിത്തെറിച്ചത്. എന്തുകൊണ്ട് അയാളെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചുവെന്ന ബെഹ്‌റയുടെ ചോദ്യത്തിനു യോഗത്തില്‍ പങ്കെടുത്ത എ.ഡി.ജി.പി: ബി. സന്ധ്യക്കും ഐ.ജി: ദിനേന്ദ്ര കശ്യപിനും മറുപടിയുണ്ടായില്ല. ഉടന്‍ തന്നെ കൊച്ചിയിലെത്തി അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കശ്യപിനോടു ഡി.ജി.പി ആവശ്യപ്പെട്ടു. എ.ഡി.ജി.പി അല്ല ഏതു ഉന്നതനായാലും കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന് തെളിഞ്ഞാല്‍ അവരെക്കൂടി പ്രതിയാക്കാന്‍ ബെഹ്‌റ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലെ അന്വേഷണം ഇനിയും െവെകിക്കൂടെന്നും യോഗത്തില്‍ പോലീസ് മേധാവി പറഞ്ഞു. കേസ് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത തീര്‍ക്കണം. മാധ്യമങ്ങള്‍ നയിക്കുന്ന വഴിക്ക് അന്വേഷണം വഴിമാറരുതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണച്ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം മാത്രം എ.ഡി.ജി.പി: ബി. സന്ധ്യയ്ക്കും നല്‍കി. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ കര്‍ശന നിര്‍ദേശം നല്‍കി.