നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താം. കൃഷ്ണദാസിന്റെയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി. ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ നിലപാട് രണ്ടാഴ്ചക്കകം അറിയിക്കാനും കോടതി ഉത്തരവിട്ടു. പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയി കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. രണ്ടുകേസിലും ഒന്നാംപ്രതി കൃഷ്ണദാസാണ്.
കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇന്ന് സുപ്രീംകോടതിയിൽ ഹാജരായത്. വളരെ ഗൗരവമേറിയ കേസാണിതെന്നും കൃഷ്ണദാസിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിട്ടിരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഗൗരവകരമാണെന്ന് സമ്മതിച്ച കോടതി വിഷയത്തിൽ സിബിഐയുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം സിബിഐ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ കൃഷ്ണദാസ് കേരളത്തിൽ കടക്കാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിൽ പോകാം. നെഹ്റു ഗ്രൂപ്പിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന കോയന്പത്തൂരിൽ തന്നെ കൃഷ്ണദാസ് തുടരണമെന്നും കോടതി ഉത്തരവിട്ടു.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിച്ചത് വിവാദമായതിനിടെയാണ് വിഷയം പരമോന്നത കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എന്‍.വി.രമണ, പ്രഫുല്ല സി.പാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ലക്കിടിയിലെ നെഹ്റു ലോ കോളജ് വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് മര്‍ദിച്ചുവെന്നാണ് കേസ്. ഈ കേസിന് പുറമെ ജിഷ്ണുക്കേസില്‍ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍.കെ. ശക്തിവേല്‍, ജീവനക്കാരന്‍ സി.പി. പ്രവീണ്‍ എന്നിവരുടെ മുന്‍ക്കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും കോടതി പരിഗണിക്കുകയായിരുന്നു.