ഉദ്യോഗസ്ഥന്റെ മകന് അഡ്മിഷന്‍ ലഭിച്ചില്ല; കോളജിലെ കെമിസ്ട്രി ലാബ് റെയ്ഡ് നടത്തി പ്രതികാരം

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ്‌

എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് അഡ്മിഷന്‍ നല്‍കിയില്ലെന്ന പേരില്‍ കോളജിലെ കെമസ്ട്രി ലാബില്‍ എക്‌സൈസ് അധികൃതര്‍ റെയ്ഡ് നടത്തി. സ്പിരിറ്റ് കണ്ടെടുത്തെന്ന കാരണം കാട്ടി കേസില്‍ കുടുക്കുമെന്ന് അധ്യാപകര്‍ക്ക് ഭീഷണി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലാണ് വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ അമ്പരപ്പിച്ച് റെയ്ഡും ഭീഷണിയും അരങ്ങേറിയത്.

പള്ളിപ്പുറം സ്വദേശിയായ ചേര്‍ത്തല സ്‌റ്റേഷനിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ തോമസിന്റെ മകനുവേണ്ടി മാനേജ്‌മെന്റ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സാഹചര്യങ്ങള്‍ നോക്കി പറയാം എന്ന് കോളജ് മാനേജര്‍ ഫാ. ഫാ.നെല്‍സണ്‍ തൈപ്പറമ്പിലില്‍ നല്‍കിയ മറുപടിയാണ് എക്‌സൈസ് അധികൃതരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം എക്‌സൈസ് ഓഫീസില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി. മാത്യുവിനെ ഫോണില്‍ വിളിച്ച് അഡ്മിഷന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ കെമിസ്ട്രി ലാബ് റെയ്ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ചേര്‍ത്തല എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ അഡ്മിഷന്‍ ആവശ്യപ്പെട്ട പ്രിവന്റീവ് ഓഫീസര്‍ അടക്കം പ്രവത്തിസമയത്ത് കോളേജ് കോമ്പൗണ്ടില്‍ ജീപ്പിലെത്തുകയും കെമിസ്ട്രി ലാബില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ലാബ് റെയ്ഡ് ചെയ്യുകയും ചെയ്തു. അഡ്മിഷന്‍ നല്‍കിയാല്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ പ്രിന്‍പ്പിലിന് 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പോയത്.

സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് എന്നിവരെ നേരില്‍ കണ്ട് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ഇന്നലെ കോളേജിലെത്തി മാനേജര്‍,പ്രിന്‍സിപ്പാള്‍, കെമിസ്ട്രി ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരില്‍ നിന്നും മൊഴിയെടുത്തു. എക്‌സൈസ് നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡി സി സി പ്രസിഡന്റ് എം ലിജു, എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറി എസ് ശരത് എന്നിവര്‍ ആവശ്യപ്പെട്ടു.