കോഴിക്കടകള്‍ ഇന്ന് മുതല്‍ അടച്ചിടും: മുടക്കു മുതലിന്റെ പകുതി വിലയ്ക്ക് കോഴി വില്‍ക്കില്ലെന്ന് വ്യാപാരികള്‍

രാജ്യത്ത് ജൂണ്‍ മുപ്പതിന് നിലവില്‍ വന്ന ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സിന്റെ അടസ്ഥാനത്തില്‍ സംസ്ഥാനത്ത് കോഴി വിലയില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ അതൃപ്തി. ജി.എസ്.ടിയുടെ പേരില്‍ നൂറ്റമ്പതു രൂപയ്ക്കു മുകളില്‍ വില നില്‍ക്കുന്ന ഇറച്ചിക്കോഴിക്ക് 87 രൂപയാക്കണമെന്നാണ് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസകിന്റെ നിലപാട്.

സാധാരണക്കാരന്റെ കോഴി ഫാമില്‍ നാല്‍പത്തി രണ്ട് രൂപയ്ക്ക് ലഭിക്കുന്ന കോഴിക്കുഞ്ഞിനെ നാല്‍പത് ദിവസം തീറ്റ കൊടുത്ത് വളര്‍ത്തി ഇറച്ചിക്കോഴിയാക്കി വില്‍പ്പനയ്‌ക്കെത്തിക്കുമ്പോള്‍ ഒരു കര്‍ഷകന് തീറ്റയടക്കം കുറഞ്ഞത് നൂറ്റിപ്പത്ത് രൂപയില്‍ കൂടുതല്‍ ആകുമെന്നാണ് യാഥാര്‍ത്ഥ്യം. സാധാരണ ഗതിയില്‍ നാല്‍പത് മുതല്‍ നാല്‍പത്തി അഞ്ച് ദിവസം വരെയാണ് ഇറച്ചി കോഴികളുടെ വളര്‍ച്ചാ കാലാവധി. ഒരു കോഴിക്കുഞ്ഞ് രണ്ടു കിലോ തൂക്കം വരാന്‍ ഏതാണ്ട് 3.800 മുതല്‍ നാല് കിലോ വരെ തീറ്റ ആവശ്യമാണ്.

ഒരു കിലോ തീറ്റയ്ക്ക് ഹോള്‍സൈല്‍ വില 30 രൂപയും. അങ്ങനെ വന്നാല്‍ ഒരു കോഴിക്കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്താന്‍ എടുക്കുന്ന ദിവസത്തെ കണക്കനുസരിച്ച് നൂറ്റി ഇരുപത് രൂപയുടെ തീറ്റയും കുഞ്ഞിന് നല്‍കേണ്ട 42 രൂപയും മരുന്നുമടക്കം ഏതാണ്ട് നൂറ്റമ്പതില്‍ അധികം ചിലവാണ്. ജി.എസ്ടി നിലവില്‍ വരുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങളെ ഇറക്കിയ സംസ്ഥാനത്തെ ഫാമുടമകളാണ് ഇതോടെ കഷ്ടത്തിലായത്.

ജൂണ്‍ 29 മുമ്പ് സംസ്ഥാനസര്‍ക്കാരിന് നികുതികളൊടുക്കി സംസ്ഥാനത്തെ ഫാമുകളിലെത്തിച്ച കോഴിക്കുഞ്ഞ് പൂര്‍ണ വളര്‍ച്ചയിലെത്തുന്നത് നാല്‍പത് ദിവസമെങ്കിലും എടുക്കുമെന്നിരിക്കെ ഇറച്ചിക്ക് വില കുറച്ചതില്‍ കര്‍ഷകര്‍ക്ക് വന്‍ നഷശ്ടം നേരിടേണ്ടി വന്നേക്കാം. പതിനാല് ശതമാനത്തോളം ടാക്‌സാണ് ജി.എസ്.ടിക്ക് മുമ്പ് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇടാക്കിയിരുന്നത്. കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തെ ഫാമുകളിലേക്ക് ഇറച്ചി കോഴിക്കുഞ്ഞുങ്ങള്‍ എത്തിച്ചിരുന്നത്. പച്ചക്കറി, പലവ്യഞ്ജന മേഖലയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താതെ കോഴി വിലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോഴി കര്‍ഷകര്‍ കച്ചവടം നിര്‍ത്തി വെക്കാനൊരുങ്ങുകയാണ്. ഇത് അന്യ സംസ്ഥാന മാഫിയയ്ക്ക് വേണ്ടിയാണോ എന്നും സംശയമുള്ളതായി വ്യാപാരികള്‍ പറയുന്നു.