എയര്‍ ഇന്ത്യയില്‍ ഇനി സസ്യാഹാരം മാത്രം

മുംബയ്: എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിളമ്പുന്ന സസ്യേതരഭക്ഷണത്തിന് നിയന്ത്രണം. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാർക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെ ഇത് നിലവിൽ വന്നതായും വിവരമുണ്ട്.
എന്നാൽ ബിസിനസ്. എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ യാത്ര ചെയ്യുന്ന ആഭ്യന്തര, രാജ്യാന്തര യാത്രക്കാർക്കുള്ള ഭക്ഷണത്തിൽ കോഴിയിറച്ചി വിഭവങ്ങൾ തുടരുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു.

ചെലവ് ചുരുക്കുന്നതിന്റെയും മാലിന്യ സംസ്‌ക്കരണം എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. കൂടാതെ മാംസാഹാരം കഴിക്കുന്നവരും അല്ലാത്തവരുമായി കൂടിക്കലരുന്നത് തടയാൻ കൂടിയാണ് തീരുമാനമെന്നും എയർ ഇന്ത്യ മാനേജ്മെന്റ് വിശദീകരിക്കുന്നു.

അതേസമയം, തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്നും ഇത്തരമൊരു പരിഷ്‌‌ക്കാരം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രക്കാരുടെ അഭിപ്രായം തേടണമായിരുന്നുവെന്നും വിമാന യാത്രക്കാരുടെ സംഘടന നേതാവ് മഹേഷ് റെഡി പറഞ്ഞു.