കേരളത്തിലെ ബി.ജെ.പിയിലും കോഴ വിവാദം

തിരുവനന്തപുരം: വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയില്‍ ഉയര്‍ന്ന പെട്രോള്‍ പമ്പ് കോഴ വിവാദത്തിന്റെ മാതൃകയില്‍ കേരളത്തിലെ ബി.ജെ.പിയിലും കോഴ വിവാദം.

കേരളത്തിലെ വിവിധ ജില്ലകളിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സീറ്റുകള്‍ വാങ്ങി നല്‍കാമെന്ന പേരില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴ വാങ്ങിയതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അടക്കമുള്ളവര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തന്നെ കണ്ടെത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സെക്രട്ടറി എ.കെ നസീര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായിരിക്കുകയാണ്. കൈക്കൂലിയായി ലഭിച്ച പണം ഡല്‍ഹിയിലെ കുഴല്‍പ്പണക്കാരന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വര്‍ക്കലയിലെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനുവേണ്ടി സഹായം ചെയ്യാമെന്നും സീറ്റുകള്‍ അധികം നേടിത്തരാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് 15 കോടി രൂപയുടെ കോഴ ആവശ്യപ്പെട്ടത്.

ഇതില്‍ ആദ്യഗഡുവായി അഞ്ചുകോടിയിലേറെ രൂപ വാങ്ങിയെന്ന് കോളേജ് ഉടമ ആര്‍. ഷാജി നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് മുഖേനയായിരുന്നു ഇടപാട്. 5.60 കോടി രൂപ വാങ്ങിയതായി വിനോദ് സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പണം നല്‍കിയത് എം.ടി രമേശ് വഴിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പിയിലെ ഗ്രൂപ്പിസമാണ് കോഴ വിവാദം പുറത്തുകൊണ്ടുവന്നത്. പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍ വിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ ചേരിപ്പോര് തുടരുന്നതിനിടെയാണ് കോഴ വിവാദം പുറത്തായത്. രണ്ടുവിഭാഗത്തിലെയും നേതാക്കള്‍ പരസ്പരം എതിര്‍ചേരിയിലെ നേതാക്കള്‍ കൈപ്പറ്റിയ കോഴക്കണക്ക് പുറത്ത് നല്‍കുകയായിരുന്നു.