മോദി ഗോരക്ഷകര്‍ക്ക് കീഴടങ്ങി: ശിവസേന

ന്യൂഡല്‍ഹി : ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും പഴിചാരി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. പ്രധാനമന്ത്രി മോദി ഗോരക്ഷകര്‍ക്ക് കീഴടങ്ങിയെന്ന് മുഖപത്രമായ സാംമ്‌നയിലൂടെ ശിവസേന കുറ്റപ്പെടുത്തി.

ബീഫ് കഴിക്കുമെന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാക്കളെ ഗോരക്ഷകര്‍ കൈകാര്യം ചെയ്യുമോയെന്നും സേന ചോദിക്കുന്നു. സാംമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന വീണ്ടും മോദിക്കും ആര്‍.എസ്.എസിനും എതിരെ ആഞ്ഞടിച്ചത്.

ഗോരക്ഷകര്‍ ഡല്‍ഹി മുതല്‍ നാഗ്പൂര്‍ വരെ നിയമം കൈയിലെടുത്ത് അക്രമം നടത്തിയിട്ടും ഇതിനെതിരെ നടപടികളുണ്ടാവുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിനെ പരാമര്‍ശിക്കുക വഴി ബി.ജെ.പിയുടെ മാതൃസംഘടനയെ പേരെടുത്തു പറയാതെ കടന്നാക്രമിക്കുകയാണ് ശിവസേന.

ബി.ജെ.പിയിലെ ബീഫ്‌പ്രേമികള്‍ക്കെതിരെ
ഗോസംരക്ഷകര്‍ നടപടികളെടുക്കാത്തതെന്തെന്നും സേന ചോദിക്കുന്നുണ്ട്. ബീഫ് നിരോധിക്കാത്ത സംസ്ഥാനങ്ങളില്‍ അതിനോടുള്ള പ്രേമം ബിജെപി നേതാക്കള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ നേതാക്കളെ ഗോസംരക്ഷകര്‍ കൈകാര്യം ചെയ്യുമോയെന്ന് സേന ചോദിക്കുന്നു.

ബീഫ് ക്ഷാമം നേരിട്ടാല്‍ ഇറക്കുമതി ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബീഫിന് അനകൂലമാണ് മേഘാലയയിലെയും അരുണാചല്‍ പ്രദേശിലെയും ബി.ജെ.പി ഘടകങ്ങളുടെ നിലപാട്. ഗോസംരക്ഷണ വിഷയത്തിലുള്ള ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ശിവസേന ചോദ്യം ചെയ്തിരിക്കുന്നത്.

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ ബുള്ളറ്റുകളെ നേരിടാന്‍ ഗോസംരക്ഷകരെ കണ്ടില്ല. മുസ്ലിമായ ബസ് ഡ്രൈവറാണ് തീര്‍ഥാടകരെ രക്ഷപെടുത്തിയതെന്നും ശിവസേന സാംമ്‌നയിലൂടെ പറയുന്നു. പാകിസ്ഥാനാണ് ഗോസംരക്ഷക ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി.

ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിക്കാന്‍ ഗോസംരക്ഷക വിഷയം പാകിസ്ഥാന്‍ ഉപയോഗിക്കുകയാണെന്നും ഭീകരവാദത്തില്‍ നിന്നും അതിര്‍ത്തിയിലെ ആക്രമണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അയല്‍രാജ്യത്തിന്റെ ശ്രമമെന്നും ശിവസേന വക്താവ് ആരോപിച്ചു.