ഇന്ത്യന്‍ അമേരിക്കന്‍ നാസ ഗവേഷകയ്‌ക്കെതിരെ വംശീയ അധിഷേപം

പി. പി ചെറിയാന്‍

കലിഫോര്‍ണിയ: കലിഫോര്‍ണിയായിലെ നാസാ ഫീല്‍ഡ് സെന്ററായ നാസ ഏംസ് റിസെര്‍ച്ച് സെന്ററിലെ ഇന്ത്യന്‍ അമേരിക്കന്‍ ഗവേഷക സിംറാന്‍ ജിത് ഗ്രെവാളിനെതിരെ (26) വംശീയാധിക്ഷേപം നടന്നതായി സ്റ്റാനിസലസ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കി. സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ഇവര്‍ ഇതുവരെ മോചിതരായിട്ടില്ല.

ജൂലൈ 18 ന് ജോലിക്ക് പോകുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ഇവരുടെ കാറിനു നേരെ കല്ല് വലിച്ചെറിയുകയും മുന്‍വശത്തെ ചില്ലു തകര്‍ന്നു കല്ല് ഗ്രെവാളിന്റെ ഇടുപ്പെല്ലില്‍ മുറിവുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോകുക എന്ന ആക്രോശിക്കുകയും ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസവും രാവിലെ 8 ന് ജോലിക്കു പോകുന്നതും വൈകിട്ടു തിരിച്ചു വരുന്നതും ഈ റോഡിലൂടെയാണ്.

സംഭവം നടന്ന ഉടനെ ഗ്രൊവാള്‍ 9/11 വിളിച്ചുവെങ്കിലും പൊലീസ് എത്താന്‍ ഒരു മണിക്കൂര്‍ വൈകും എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം ടര്‍ലോസ്, സ്റ്റാനിസ് ലസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും ആരും എത്തിയില്ല. രണ്ടാമതും വിളിച്ചതിനുശേഷവും ആരും തന്നെ എത്തിയില്ല എന്ന് ഇവര്‍ പറയുന്നു. 9/11 കോളിനെക്കുറിച്ചു കൂടുതല്‍ പഠിച്ചു മാത്രമേ മറുപടി പറയാനാകൂ എന്ന് സെര്‍ജന്റ് ആന്റണി പറഞ്ഞു.